സുഖദു:ഖങ്ങള്‍ അന്വേഷിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും മറന്നു പോകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വേദനകളും വിഷമങ്ങളും ഉളളിലൊതുക്കി ആത്മഹത്യയിലഭയം പ്രാപിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയുളള ഒരു സമൂഹത്തിലേക്കാണ് ഡോ.വിജയലക്ഷ്മിയും മാലതിമേനോനും ‘നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങളുണ്ട് ‘എന്നു പറഞ്ഞുകൊണ്ട് കടന്നു വരുന്നത്. ആത്മഹത്യാപ്രതിരോധയജ്ഞത്തിന് കരുത്ത് പകരുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായി വിരമിച്ച ഡോ.വിജയലക്ഷ്മിയും മാധ്യമപ്രവര്‍ത്തകയായിരുന്ന മാലതിമേനോനും യാദൃച്ഛികമായല്ല ഈ രംഗത്തെത്തുന്നത്. വ്യക്തിപരമായി ആത്മഹത്യയുടെ ആഘാതത്തെ അടുത്ത് മനസ്സിലാക്കിയവരാണ് രണ്ടുപേരും.
ചൈത്രത്തിന്റെ പിറവി
2007 ഒക്ടോബറിലാണ് ‘ചൈത്രം’ പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളത്ത് കളമശ്ശേരിയില്‍ ‘മൈത്രി’ എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് കൗണ്‍സലിംഗ് സ്ഥാപനം നടത്തിയിരുന്നു. പിന്നീടാണ് എറണാകുളം കരയോഗത്തിന്റെ പിന്തുണയോടെ ടിഡിഎം ഹാളില്‍ ചൈത്രം എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങളും വൈകാരിക പിന്തുണയും നല്‍കിക്കൊണ്ട് കഴിഞ്ഞ 10 വര്‍ഷമായി കൊച്ചിയില്‍ ചൈത്രം പ്രവര്‍ത്തിച്ചു വരുന്നു. ആത്മഹത്യ പ്രവണത, സഹായത്തിനുളള രോദനമാണെന്നും അത് പ്രതിരോധിക്കാവുന്നതാണെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് ചൈത്രത്തിന്റെ ഇടപെടലുകള്‍.
”എനിക്കൊരു പ്രശ്നമുണ്ട് എന്നു പറഞ്ഞ് ഞങ്ങളുടെ അടുത്ത് വരുന്നവരോട് സുഹൃത്തുക്കളെപ്പോലെ സംസാരിക്കുക എന്നതാണ് രീതി. അവരെ കുറ്റപ്പെടുത്താതെ അവര്‍ പറയുന്നതു മുഴുവന്‍ കേട്ടിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്”- ‘ചൈത്ര’ത്തിന്റെ കണ്‍വീനറായ ഡോ.വിജയലക്ഷ്മി പറയുന്നു. വിഷമങ്ങളുമായി വരുന്നവരുടെ സുഹൃത്തായിരിക്കുക, അതാണ് ചൈത്രത്തിന്റെ പ്രത്യേകത. കഴിഞ്ഞ പത്തുവര്‍ഷമായി 6424 പേരാണ് ഇവിടെ സഹായം തേടിയെത്തിയത്.
”വിളിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണ്, ഏതാണ്ട് 52 ശതമാനം പേര്. സ്ത്രീകള്‍ നേരിട്ടു വരാന്‍ താല്പര്യം കാണിക്കുമ്പോള്‍ പുരുഷന്മാര്ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ ഫോണില്‍ സംസാരിക്കാനാണ് താല്പര്യം”- മാലതിമേനോന്‍ പറഞ്ഞു.
നിലതെറ്റുന്ന മനസ്സ്
”മാറുന്ന ജീവിതരീതിക്കൊപ്പം ആശങ്കാകുലമാണ് മലയാളിമനസ്സ്. കുട്ടികളാണ് പ്രധാനമായും ഇതിന്റെ ഇരകളാകുന്നത്”- മാലതിമേനോന്‍ പറയുന്നു. ”കണ്ണഞ്ചിപ്പിക്കുന്ന വിപണിയാണ് ഇന്ന് കുട്ടികള്‍ക്കു മുമ്പില്‍. വേണ്ടതേത് വേണ്ടാത്തതേത് എന്നു തിരിച്ചറിയാന്‍ കുട്ടികള്‍ക്കാകുന്നില്ല. അതു പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കും. കുട്ടികള്‍ എന്തു പറഞ്ഞാലും അത് സാധിച്ചു കൊടുക്കുന്ന നിലയിലേക്കെത്തിയിരിക്കുകയാണ് മാതാപിതാക്കള്‍. പലപ്പോഴും അത് സാധിക്കാതെ വരുമ്പോള്‍ കുട്ടികളും മാതാപിതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങും.”- മാലതി മേനോന് തുടര്‍ന്നു. രണ്ടു കൂട്ടരും ഇതില്‍ ഒരുപോലെ കുറ്റക്കാരാണ്.
”ആറുവയസ്സിനുളളിലാണ് ഒരു കുഞ്ഞിനെ മാനസികമായി പ്രാപ്തരാക്കേണ്ടതെന്ന്്് മന:ശ്ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്ന കാര്യമാണ്. സ്വന്തം ശരീരത്തേയും കുടുംബത്തേയും സമൂഹത്തേയും രാജ്യത്തേയും സ്്്്്്നേഹിക്കുവാനും ബഹുമാനിക്കുവാനും, മൂല്യബോധമുളളവരാക്കുവാനും ആ സമയത്തിനുളളില്‍ അവരെ പാകപ്പെടുത്തേണ്ടതുണ്ട്”-മാലതിമോനോന്‍ അഭിപ്രായപ്പെട്ടു.
അവരെ കേള്‍ക്കാം
മറ്റുളളവരോട് തങ്ങളുടെ കാര്യങ്ങള്‍ എത്ര വേണമെങ്കിലും സംസാരിക്കാന്‍ മടിയില്ലാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ എത്രപേരാണ് മറ്റുളളവര്‍ പറയുന്നത് കേട്ടിരിക്കാന്‍ തയ്യാറാവുക? കുട്ടികളോട് സംസാരിക്കുമ്പോള്‍ ഇത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ”കേള്‍ക്കല്‍ വളരെ പ്രധാനമാണ്. ആത്മഹത്യ ചെയ്യണം എന്ന വിചാരമുണ്ടാകുന്നതു തന്നെ പ്രശ്നങ്ങള്‍ക്കു പരിഹാരമില്ല എന്ന ചിന്തയില്‍ നിന്നുമാണ്; വിഷമങ്ങള്‍ കേള്‍ക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരുമില്ലാതെ വരുമ്പോഴാണ്”, മാലതി മേനോന് പറയുന്നു. ”എന്റെ അടുത്ത ബന്ധുവായ ഒരു കുട്ടി അങ്ങനെയാണ് ആത്മഹത്യ ചെയ്തത്. അതെനിക്ക് വലിയ ഷോക്കായി. ആ സംഭവത്തിനുശേഷം മറ്റുളളവര്‍ എന്ത് കാര്യം പറയുന്നതിനായി സമീപിച്ചാലും ഞാനത് ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്.” ചൈത്രത്തിന്റെ മേധാവി കൂടിയാണ് മാലിനി.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുവിദ്യാഭ്യാസ സിലബസില്‍ തത്ത്വശാസ്ത്രം, മന:ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തുക എന്നതാണ് ചൈത്രം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്്. ഇതിലൂടെ മാനസികമായി കരുത്ത് നേടാന്‍ യുവതലമുറയ്ക്കാകും.
ലൈംഗികത, സോഷ്യല്‍ മീഡിയ, മയക്കുമരുന്ന് എന്നിവയോട് കൗമാരപ്രായക്കാര്‍ക്കുളള ആസക്തി, വൈകാരികത എന്നിവയെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തതിത്വ വികാസത്തിന് വര്‍ക്ക്്ഷോപ്പുകളും പ്രയോജനപ്പെടും.
കുടുംബശ്രീ കൂട്ടായ്മകള്‍, വൃദ്ധസദനങ്ങള്‍, അദ്ധ്യാപക-രക്ഷകര്‍തൃ-വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചൈത്രം നടത്തിക്കൊണ്ടിരിക്കുന്നു. ഇതുകൂടാതെ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങും നടത്തുന്നുണ്ട്. എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകിട്ട് 5 മണി വരെയാണ് ചൈത്രത്തിന്റെ പ്രവര്‍ത്തന സമയം. ഫോണ്‍ ചെയ്യുകയോ നേരില്‍ വരികയോ ചെയ്യാം. സേവനം തികച്ചും സൗജന്യവും
സ്വകാര്യവുമാണ്.
ആത്മഹത്യ പെരുകുന്ന കേരളം
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാരുടെ എണ്ണം കൂടുതലാണെന്നും സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യകളില്‍ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യാത്താലാണ്.
”ഇന്ത്യയില്‍ 2013-ല്‍ 1,35,445 ആളുകളാണ് ആത്മഹത്യ ചെയ്തത്. കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ദേശീയ കാര്യാലയത്തിന്റെ കണക്കനുസരിച്ച്, ഒരു മണിക്കൂറില്‍ ശരാശരി 15 ആളുകള്‍, അതായത് ഒരു ദിവസം 371 പേര് ആത്മഹത്യ ചെയ്യുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: