അമ്മമാരെ സ്നേഹിക്കാത്ത മക്കളുണ്ടാവില്ല. വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ അമ്മയൊരു ബാധ്യതയാണെന്ന് ചിന്തിക്കുന്നവരും കുറവല്ല. അമ്മയുടെ മരണശേഷം ആ ഓര്‍മ്മയില്‍ ശിഷ്ടകാലം ജീവിച്ചുതീര്ത്തേക്കാം. എന്നാല്‍ തന്റെ കുടുംബാംഗങ്ങളുടെ ഓര്മ്മയ്ക്കപ്പുറത്തേയ്ക്ക് അമ്മയുടെ സ്മരണ നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന മക്കളുമുണ്ട്. അതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗം പലതാവാം. അങ്ങനെയുള്ള മക്കളുടെ കൂട്ടത്തിലാണ് തിരുവനന്തപുരം സ്വദേശി ഗിരിജ. സ്വീകരിച്ച മാര്‍ഗ്ഗമാവട്ടെ വ്യത്യസ്തവും.
രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരം നേമം പ്രാവച്ചമ്പലം സൗഹൃദഗ്രാമത്തിലെ പ്രയാഗയില്‍ കെ. പത്മാവതി 90-ാം വയസ്സില്‍ മരിക്കുമ്പോള്‍ തകര്‍ന്നത് മകള്‍ ഗിരിജയാണ്. സൈനികനായ ഭര്‍ത്താവ് അന്യനാട്ടില്‍. വിവാഹം കഴിഞ്ഞ് രണ്ടു പതിറ്റാണ്ടായിട്ടും കുട്ടികളില്ല. സെക്രട്ടേറിയറ്റില്‍ നിയമവകുപ്പു ഡെപ്യൂട്ടി സെക്രട്ടറിയായ ഗിരിജയ്ക്ക് എല്ലാം അമ്മയായിരുന്നു. നാട്ടുകാര്‍ മാതൃകയായി ചൂണ്ടികാണിക്കുന്ന അമ്മ-മകള്‍ ബന്ധം. 42 -ാം വയസ്സില്‍ കുഞ്ഞിക്കാലുകാണാന്‍ ഗിരിജയ്ക്ക് ഭാഗ്യം കിട്ടി. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതാവട്ടെ അമ്മൂമ്മയും. നവതി കഴിഞ്ഞിട്ടും അസുഖമൊന്നും അലട്ടിയിട്ടില്ലാത്ത പത്മാവതി 2015 സപ്തംബറില്‍ മരണത്തിനു കീഴടങ്ങി.
അമ്മയോടുള്ള സ്നേഹത്തിന്റെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഗിരിജ ആഗ്രഹിച്ചു. അമ്മയേയും മകളേയും ഏറെ സ്നേഹിച്ച നാട്ടുകാര്‍ക്കായി എന്തെങ്കിലും. അങ്ങനെയാണ് റസിഡന്റ്സ് അസോസിയേഷനുമായി ചേര്‍ന്ന് എന്‍ഡോവ്മെന്റ് എന്ന ആശയം മനസ്സിലെത്തിയത്. സൗഹൃദ റസിഡന്റ്സ് അസോസിയേഷനിലെ കുട്ടികളില്‍ പത്താം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന പാവപ്പെട്ട കുടുംബത്തിലെ കുട്ടിയ്ക്ക് സ്ക്കോളര്‍ഷിപ്പ്. അതും കേരള സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്. അമ്മയുടെ പേരിലുള്ള സ്മാരക പുരസ്കാരത്തിന് സര്‍ക്കാര്‍ പരിരക്ഷയോടെ ശാശ്വതമായ പിന്തുടര്ച്ച ഉണ്ടാകണമെന്ന് ഗിരിജ ആഗ്രഹിച്ചു.
ആവശ്യമായ പണവുമായി റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെ സമീപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്മാരക പുരസ്കാരം ഏര്‍പ്പെടുത്തുന്നതിന് കടമ്പകളേറെ. എത്ര രൂപയാണോ എന്‍ഡോവ്മെന്റ് നല്‍കുന്നത് അത് പലിശയായി കിട്ടുന്ന തുകയുടെ ഡി ഡി എടുക്കണം. പണം നല്‍കുന്നവരും കൈകാര്യം ചെയ്യുന്ന സംഘടനയും സമ്മതപത്രം നല്‍കണം. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഉത്തരവും വേണം. ആദ്യത്തെ മൂന്നുകാര്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന ജോലിയിലായതിനാല്‍ ഓഡിറ്റ് വകുപ്പിന്റെ ഉത്തരവും പെട്ടന്ന് കിട്ടുമെന്ന് ഗിരിജ കരുതി.
എന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചായി. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പ് ശുപാര്‍ശ ചെയ്താലെ ഓഡിറ്റ് ഡിപ്പാര്ട്ട്മന്റില് നിന്ന് എന്‍ഒസി നല്‍കൂ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്മാരക പുരസ്കാരം നിലവിലുണ്ട്. റസിഡന്റ്സ് അസോസിയേഷന് ഏതു വകുപ്പിന്റെ കീഴില്‍ എന്നതായിരുന്നു പ്രശ്നം. ഒരു വകുപ്പും ശുപാര്‍ശ നല്കാന് തയ്യാറായില്ല. രണ്ടു വര്‍ഷം വകുപ്പുകളില്‍ നിന്ന് വകുപ്പുകളിലേയ്ക്ക് ഫയലു പോയെങ്കിലും ഫലമുണ്ടായില്ല.
ഗിരിജയുടെ ആത്മാര്‍ത്ഥത മനസ്സിലാക്കിയ അന്നത്തെ ധനവകുപ്പ് സെക്രട്ടറി കെ.എം. ഏബ്രഹാം ( ഇപ്പോള്‍ ചീഫ് സെക്രട്ടറി) ഇടപെട്ടു. ധനകാര്യ വകുപ്പ് സ്വന്തം നിലയില്‍ ഉത്തരവിറക്കി. ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ സപ്തംബറില്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അങ്ങനെ കെ.പത്മാവതി സ്മാരക പുരസ്കാരത്തിന് നിയമാനുസൃത പരിരക്ഷ ഉറപ്പായി. ഭാവിയില്‍ മറ്റ് റസിഡന്റ്സ് അസോസിയേഷനുകള്‍ക്കും ഈ ഉത്തരവ് സഹായകമാവും.
ഗിരിജയുടെ ഭര്‍ത്താവ് ഡി.കെ.പ്രദീപ്കുമാര്‍ സിആര്‍പിഎഫില്‍ ഇന്‍സ്പെക്ടറായി കൊല്‍ക്കത്തയില്‍ ജോലിചെയ്യുന്നു. മകള്‍ പവിത്ര വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: