പൊക്കം കുറഞ്ഞ മനുഷ്യന്റെ പൊക്കം കൂടിയ വിജയമായിരുന്നു വെട്ടൂര്‍ പുരുഷന്റെ സിനിമാജീവിതം. 70 സിനിമകളില്‍ അഭിനയിച്ച പുരുഷന് മലയാള സിനിമയില്‍ എണ്ണപ്പെട്ട ഹാസ്യതാരങ്ങളില്‍ ഒരാളായിക്കൊണ്ട് മികവിന് ഉയരക്കുറവിന്റെ ഭാഷയല്ലെന്ന സത്യത്തിലൂടെ നിരവധിപേര്‍ക്കു പ്രചോദനമാവുകയായിരുന്നു. കൂടുതലും നര്‍മ്മ വേഷങ്ങള്‍ ചെയ്ത പുരുഷന് ഇടയ്ക്ക് കരയിപ്പിക്കുന്ന കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്.
നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 1972ലായിരുന്നു വെട്ടൂര്‍ പുരുഷന്റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ലൂസ് ലൂസ് അരപ്പിരി ലൂസ്,കാവടിയാട്ടം,ഇതാ ഇന്നുമുതല്‍,അല്‍ഭുത ദ്വീപ് തുടങ്ങിയ ചിത്രങ്ങളിലൂടെ പുരുഷന് പ്രേക്ഷകരില്‍ ഏറെ പരിചിതനായി. ലൂസ് ലൂസ് അരപ്പിരി ലൂസിലൂടെയാണ് അദ്ദേഹം ഹാസ്യം താരത്തിന്റെ ചുവടുറപ്പിച്ചത്. വിനയന് സംവിധാനം ചെയ്ത അല്‍ഭുത ദ്വീപില്‍ പുരുഷന് ചെയ്ത രാജഗുരുവിന്റെവേഷം ശ്രദ്ധിക്കപ്പെട്ടു. പുരുഷനെക്കുറിച്ചോര്ക്കുമ്പോള് പ്രേക്ഷകനു മുന്നില്‍ ആദ്യം ഓടിയെത്തുന്ന കഥാപാത്രം രാജഗുരുവാണ്.
നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.വെട്ടൂര്‍ പുരുഷനും സംഘവും അഭിനയിക്കുന്ന നാടകം എന്നുള്ള പരസ്യം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ പ്രചാരമുണ്ടായിരുന്നു. ആറ്റിങ്ങള്‍ പത്മശ്രീ എന്ന നാടക സംഘത്തിന്റെ നിലനില്പു തന്നെ വെട്ടൂര്‍ പുരുഷനായിരുന്നു. തന്റെ കുറിയ ശരീരവും രൂപവുംകൊണ്ടു പ്രേക്ഷകനെ ചിരിപ്പിക്കുമ്പോഴും അതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന പേരറിയാത്തൊരു വേദനയും പ്രേക്ഷകന് പങ്കുപറ്റിയിരുന്നെന്നു തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: