കഞ്ചിക്കോട്:വേനല്‍കനക്കും മുമ്പെ അനധികൃത കുപ്പി വെള്ള വില്‍പ്പനയും വ്യാജ ശീതളപാനീയ വില്‍പ്പനയും സജീവമാകുന്നു. മത്സ്യം കേടുവരാതിരിക്കാനായി ഉപയോഗിക്കുന്ന ഐസുകട്ടകളാണ് മിക്ക ശീതളപാനീയ വില്‍പ്പനയിലും ഉപയോഗിക്കുന്നത്.
നഗര പരിസരങ്ങളിലും ദേശീയ സംസ്ഥാന പാതയോരങ്ങളിലും വില്‍ക്കുന്ന കരിമ്പിന് ജ്യൂസ്, കുലുക്കി സര്‍ബത്ത് തുടങ്ങിയ ശീതളപാനീയങ്ങളിലൊക്കെ ഉപയോഗിക്കുന്ന നിരോധിത ഐസുകട്ട മനുഷ്യരില്‍ മാരക രോഗങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി ഇത്തരം പാനീയങ്ങളുപയോഗിക്കുന്നവരില് തൈറോയിഡ്, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗങ്ങള്‍ കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. മീന്‍മാര്‍ക്കറ്റുകളില്‍ മത്സ്യം ഇട്ടുവരുന്ന ബോക്സുകളില്‍ കാണുന്ന വലിയ ഐസ് ബാറുകളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. സാധാരണ കടകളില്‍ ഉപയോഗിക്കുന്ന ചെറിയ ഐസ് ബാറുകളേക്കാള്‍ വില കുറവാണെന്നതാണ് ഇത്തരത്തില്‍ വലിയ ഐസുകട്ടകള്‍ ഉപയോഗിക്കാന്‍ കാരണം.
ഇതിനു പുറമെ കുലുക്കി സര്‍ബത്ത് ഗ്രേപ്പ് ജ്യൂസെന്ന പേരില്‍ നിരവധി മായം കലര്‍ന്നതും ശരീരത്തിന് ഹാനികരമായതരത്തിലുള്ള കെമിക്കലുകള്‍ ചേര്‍ത്ത് എസ്സന്സുകളാണുപയോഗിക്കുന്നത്. കുടിക്കുന്നവരുടെ സ്വാദനുസരിച്ച് നിരവധി ഫ്ളേവറുകളിലാണ് കുലുക്കി സര്‍ബത്തും മുന്തിരി ജ്യൂസുകളുമൊക്കെ നല്‍കുന്നത്. ഐസുകട്ടയില്‍ നന്നാരിയും പച്ചമുളകുമം ഐസുമിട്ട് തണുപ്പിച്ച് നല്കുന്ന കുലുക്കി സര്‍ബത്ത് സ്ഥിരമായുപയോഗിക്കുന്നവരില് തൊണ്ടവേദനയുണ്ടാകുന്നയാണ് പറയപ്പെടുന്നത്.
കരിമ്പു ജ്യൂസ് ശരീരത്തിനു നല്ലതാണെങ്കിലും ഇതിലും ചേര്‍ക്കുന്ന ഐസുകട്ടകളാണ് ശരീരത്തിന് ഹാനികരമാവുന്നത്. കുലുക്കി സര്ബത്തിന് 20 രൂപ വാങ്ങുമ്പോള്‍ കരിമ്പിന് ജ്യൂസിന് 25 രൂപ മുതല്‍ 30 വരെയാണ് കടക്കാര് വിലയീടാക്കുന്നത്. ഇതിനുപുറമെ പെട്ടിക്കടകളിലും സര്‍ബ്ബത്ത്, നാരങ്ങാ സോഡ, മോരുവെള്ളം, എന്നിവയിലുമൊക്കെ ചേര്‍ക്കുന്നതും നിരോധിത ഐസുകട്ടകളാണ്. ഇത്തരത്തില്‍ പെട്ടികടകളിലോ കരിമ്പ് ജ്യൂസ് കുലുക്കി സര്‍ബത്ത് കടകളിലോ ആരോഗ്യ വകുപ്പിന്റെ പരിശോധനകളില്ലാത്തതാണ് ഇവര്‍ക്ക് ചാകരയാവുന്നത്.
ഇതിനുപുറമെ അതിര്‍ത്തി കടന്ന് ചെറുതും വലുതുമായ ബോട്ടിലുകളില്‍ നിറച്ച വ്യാജ ശീതളപാനീയങ്ങളും കുപ്പിവെള്ള വില്‍പ്പനയും സജീവമായിരിക്കുകയാണ്. വ്യാപാരികള്‍ക്ക് ഉയര്‍ന്ന ലാഭം കിട്ടുമെന്നതിനാല്‍ ഇവിടെ ലഭിക്കുന്ന കമ്പനിയുടെയുല്പ്പന്നങ്ങളേക്കാള് വില്‍ക്കാനാണ് താല്പര്യം. ഇത്തരം കമ്പനികളോട് ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ പ്രഹസനമാകുന്നതോടെ ശീതളപാനീയങ്ങള്‍ നമ്മുടെ അന്തകരാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: