മലപ്പുറം: എം.ആര്. വാക്സിനേഷന് ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ ജില്ലയില്‍ വിജയമാക്കുന്നതിന് പ്രത്യേക പരിഗണ നല്‍കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. എംആര്‍ വാക്സിനേഷന് ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയില്‍ എത്തിയതായിരുന്നു അദ്ദേഹം.
സാമൂഹിക മാധ്യമങ്ങളിലൂടെ എംആര്‍ വാക്സിനേഷനെതിരെ പ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.
ജില്ലയില്‍ കുത്തിവെപ്പ് എടുത്ത കുട്ടികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. ശതമാനം നോക്കിയാല്‍ ഇനിയും കൂടുതല്‍ മുന്നേറാനുണ്ട്. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടൊപ്പം കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മത സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ശതമാനം വിദ്യാര്‍ഥികള്‍ക്കും എം.ആര്. വാക്സിന് നല്കിയ സ്കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ നിര്‍വ്വഹിച്ചു. ഡിഎംഒ ഡോ. സക്കീന, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. എ. ഷിബുലാല്‍, എന്‍ എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. നിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: