പന്തളം: മണ്ഡലംമകരവിളക്കു കാലത്തു പന്തളത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ പാഴാക്കിയ പന്തളം നഗരസഭ ഈ വര്‍ഷം ആവശ്യപ്പെട്ടിരിക്കുന്നത് 50 ലക്ഷം രൂപ.
അയ്യപ്പന്റെ മൂലസ്ഥാനമായതിനാല് ശബരിമല തീര്‍ത്ഥാടകരില്‍ 90 ശതമാനത്തിലേറെയും പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കൊട്ടാരവും സന്ദര്‍ശിച്ച് മകരവിളക്കിനു ശബരിമലയില്‍ അയ്യപ്പനു ചാര്‍ത്തുന്ന തിരുവാഭരണളും കണ്ടു വണങ്ങിയതിനു ശേഷമാണ് മടങ്ങുന്നത്. അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കന്നതിനായാണ് എല്ലാ വര്‍ഷവും സര്‍ക്കാര്‍ പണമനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പന്തളം നഗരസഭയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, നഗരസഭാ ഭരണസമിതിയുടെ അനാസ്ഥ കാരണം കൃത്യമായ കണക്കുകളോ രേഖകളോ നല്കാതിരുന്നതിനാല് സര്‍ക്കാരില്‍ നിന്നും ആ പണം ലഭിച്ചില്ല. പകരം, തനതു ഫണ്ടില്‍ നിന്നും നഗരസഭയില്‍ വികസനത്തിനും നിര്‍മ്മാണ പ്രവര്ത്തനങ്ങള്ക്കുമുപയോഗിക്കേണ്ട പണമാണ് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ചിലവഴിച്ചത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിക്കാന്‍ കഴിയാത്ത നഗരസഭയാണ് ഈ വര്‍ഷം 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 28ന് പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി മന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: