മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ നടന്ന് പോകുന്ന പരമ്പരാഗത കാനനപാതയിലേക്ക് സഞ്ചരിക്കാനുളള ഗതാഗത മാര്‍ഗമായ മൂക്കന്‍പെട്ടി പാതയില്‍ ഇതു വരെ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടില്ല. പെരുമഴയും കുത്തൊഴുക്കും അതിജീവിച്ച് അഴുതാ നദിക്ക് കുറുകെ നിലനില്‍ക്കുന്ന പാലത്തിന് കൈവരികളില്ലാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ശബരിമലയിലേക്ക് പോകാനും മടങ്ങാനും ഈ പാലം ഉപയോഗിക്കുന്നത് മൂക്കന്‍പെട്ടി കുഴിമാവ് കുമളി വഴിയെത്തുന്ന തീര്‍ത്ഥാടകരാണ്. വഴിവിളക്കുകളില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മൂക്കന്‍പെട്ടിയിലെ കോസ് വേ പാലം. കഴിഞ്ഞ മഴക്കാലത്ത് വെളളപ്പൊക്കത്തില്‍ കൈവരികള്‍ ഒലിച്ചുപോയതാണ്. ഉയരം വര്‍ധിപ്പിച്ചാല്‍ കാലവര്‍ഷത്തില്‍ പാലം വെളളത്തിനടിയിലാകുന്നത് ഒഴിവാക്കാനാകും.
തീര്‍ത്ഥാടനകാലത്ത് തിരക്കേറുന്ന മൂക്കന്‍പെട്ടി കുഴിമാവ് റോഡിലെ എട്ടു കിലോമീറ്റര്‍ ദൂരം ആനകള്‍ നിറഞ്ഞ നിബിഡ വനത്തിലൂടെയാണ് കടന്നുപോകുന്നത്. ആനകളുടെ ഉപദ്രവം മൂലം ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചിട്ടുളളത്. പകലും ഇരുട്ട് നിറഞ്ഞതാണ് ഈ വനപാത. റോഡിന് വീതി തീരെ കുറവും നിരവധി ദുര്‍ഘട വളവുകളുമുണ്ട്. വശങ്ങളില്‍ പൊന്തക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നു. റോഡിന്റെ ഒരു വശം അഗാധമായ കൊക്കയും ഒപ്പം അഴുതാ നദിയുമാണ്. മറുവശമാണ് ചെങ്കുത്തായ വനം. ആനകള്‍ റോഡ് കുറുകെ കടക്കുന്ന പതിവ് സ്ഥലങ്ങള്‍ അര ഡസനോളമുണ്ട്.
ആനകള്‍ കൂടാതെ കാട്ടുപോത്തുകളും പന്നികളും നിത്യവും രാത്രികാലങ്ങളില്‍ റോഡിലേക്കിറങ്ങും. വനപാതയായതിനാല്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുന്നില്ല.
വൈദ്യുതി ലൈന്‍ വലിച്ചാല്‍ മൃഗങ്ങള്‍ക്ക് അപകടമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്ന കാരണം. അതേസമയം വൈദ്യുതി വേണ്ടാത്ത സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല.
തീര്‍ത്ഥാടകര്‍ നടന്നു പോകുന്ന ഈ വനപാത സുരക്ഷിതമാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ച്ചയാകുമെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. മൂക്കന്‍പെട്ടി പാലത്തിനും അഴുതയിലെ നടപ്പാലത്തിനും കൈവരികള്‍ സ്ഥാപിക്കണമെന്നും കുഴിമാവ് കാളകെട്ടി റോഡിലെ വനപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും മൂക്കന്‍പെട്ടി വാര്‍ഡംഗങ്ങള്‍ ആവശ്യപ്പെട്ടു.
















