അരീക്കോട്: എട്ട് കുരുന്നുകളുടെ ജീവനെടുത്ത മൂര്‍ക്കനാട് തോണി അപകടം നടന്നിട്ട് എട്ട് വര്‍ഷമാകുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ങ്ങാട്ടിരി, അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മ്മിച്ച നടപ്പാലം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.
2009 നവംബര്‍ നാലിനാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മൂര്‍ക്കനാട് സുബ്ലുസുലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ എട്ട് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 30 ഓളം കുട്ടികളുണ്ടായിരുന്നു. പുഴയുടെ മധ്യത്തിലെത്തിയപ്പോള് കുട്ടികള്‍ എഴുന്നേറ്റ് നിന്നതോടെ തോണി മറിയുകയായിരുന്നു. നിരവധി കുട്ടികള്‍ നീന്തി രക്ഷപ്പെട്ടതിനാലും നാട്ടുകാരും മണല്‍ വാരുന്ന തൊഴിലാളികളും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ഈ അപകടത്തെ തുടര്‍ന്നാണ് ചാലിയാറിന് കുറുകെ നടപ്പാലം നിര്‍മ്മിച്ചത്. എന്നാല്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പാലം ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
പ്രതിദിനം ആയിരത്തിലധികം കുട്ടികളും കാല്‍നടയാത്രകാരും ഉപയോഗിക്കുന്ന പാലമാണിത്. ഇനിയൊരു ദുരന്തം ഉണ്ടാകുന്നതുവരെ കാത്തുനില്‍ക്കാതെ പാലം നവീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ബാലഗോകുലം ഊര്‍ങ്ങാട്ടിരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പി. പി. ബാബു, കെ. സി. പ്രഭീഷ്, അഡ്വ. ടി. പ്രവീണ്‍ കുമാര്‍, കെ. അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: