തിരുവനന്തപുരം: വിദ്യാഭ്യാസം കച്ചവടമാക്കാന്‍ തയ്യാറല്ലെന്ന നിലപാടോടെ സത്യസായി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. തോന്നയ്‌ക്കല്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് അനുവദിച്ചു കിട്ടിയ കോളേജിലാണ് മാനേജ്‌മെന്റ് സീറ്റുകള്‍ വേണ്ടെന്ന തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിനെയും സര്‍വ്വകലാശാലയെയും അറിയിച്ചത്.
കോളേജിന് അനുവദിച്ച നൂറ് സീറ്റുകളിലേക്കും മെരിറ്റ് അടിസ്ഥാനത്തിലാകും പ്രവേശനം. ബിഎ-30, ബിഎസ്‌സി-30, ബികോം-40 എന്ന കണക്കിലാണ് സീറ്റുകളുടെ എണ്ണം. ഇതില്‍ അന്‍പത് ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റിന് അര്‍ഹതപ്പെട്ടതാണ്. മാനേജ്‌മെന്റ് കോളേജുകള്‍ ഇത്തരം സീറ്റുകള്‍ ഉയര്‍ന്ന നിരക്കില്‍ വിറ്റഴിക്കുമ്പോഴാണ് സത്യസായി ട്രസ്റ്റിന്റെ തീരുമാനം മാതൃകാപരമാകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളേജിന്റെ ഇത്തരത്തിലുള്ള ധീരമായ നടപടി.
സത്യസായി ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സുഭദ്രനായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് സീറ്റ് വില്‍പ്പന വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. യോഗ തീരുമാനം ട്രസ്റ്റ് ഫൗണ്ടര്‍ ആന്റ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാറാണ് സര്‍ക്കാരിനെ അറിയിച്ചത്. സത്യസായി ബാബ ഉപദേശിച്ചത് വിദ്യയും വൈദ്യവും വില്‍ക്കരുതെന്നാണ്. അത് നടപ്പിലാക്കുകയാണ് സത്യസായി ട്രസ്‌റ്റെന്ന് ആനന്ദകുമാര്‍ പറഞ്ഞു.
















