കോഴിക്കോട്: വാര്‍ത്തകളില്‍ വസ്തുതാപരമായ പക്ഷപാതം ശരിയായ മാധ്യമപ്രവര്‍ത്തന രീതിയല്ലെന്ന് മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍ പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായ നിഷ്പക്ഷത ഉണ്ടാവില്ല. എല്ലാവര്‍ക്കും പക്ഷമുണ്ട്. റിപ്പോര്‍ട്ടുകളില്‍ പക്ഷപാതം കാണിക്കുന്നത് ശരിയല്ല. നിലപാടുകളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നത് ജനാധിപത്യ സമ്പ്രദായത്തിന്റെ ഭാഗമാണ്. കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന ലക്ഷ്യംവെച്ചാണ് ചാനലുകള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിന്റെയും റിപ്പബ്ലിക് ടിവിയുടെയും ഉടമസ്ഥര്‍ ഒരേ ആളാണെങ്കില്‍ വാര്‍ത്താ അവതരണ രീതിയും രണ്ട് ശൈലിയാണ് പുലര്‍ത്തുന്നത്. ശരിയും തെറ്റും തമ്മിലുള്ള വിവേചനത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുന്നത് പക്ഷപാതമായ് കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റ് മീഡിയയാണ് നരേന്ദ്രമോദിയെ വികാസ്പുരുനാക്കി മാറ്റിയതെന്ന് കേളുവേട്ടന്‍ ഗവേഷണ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.സോഷ്യല്‍ മീഡിയയുടെ നിയന്ത്രണത്തിലാക്കിയതിലൂടെയാണ് നരേന്ദ്രമോദി തന്റെ പ്രതിച്ഛായ വളര്‍ത്തിയത്. അദ്ദേഹം പറഞ്ഞു.
അറിയാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച ഫാസിസ്റ്റ് നടപടിയായ അടിയന്തരാവസ്ഥയെ ഗാന്ധിയന്‍ സമരത്തിലൂടെ ചെറുത്തു തോല്‍പ്പിച്ച പ്രസ്ഥാനത്തെയാണ് ഇന്ന് ഫാസിസ്റ്റുകള്‍ എന്ന് ആക്ഷേപിക്കുന്നതെന്ന് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദത്തെ ഇല്ലാതാക്കി സാമൂഹ്യ സമന്വയം സാധ്യമാക്കിയത് ആര്‍എസ്എസ് ആണ്. ശിവസേനയുടെ പ്രകോപനം സൃഷ്ടിച്ചുള്ള ഇടപെടലുകളെപ്പോലും ഇല്ലാതാക്കാന്‍ അതിന് കഴിഞ്ഞു. യെച്ചൂരിയെ ആക്രമിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിലൂടെ കേരളത്തില്‍ മാത്രം 390 അക്രമസംഭവങ്ങള്‍ ഉണ്ടായി. സമൂഹത്തില്‍ സമന്വയം സൃഷ്ടിക്കാനായിരിക്കണം മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ സ്വഭാവമാണ് മാധ്യമങ്ങളില്‍ നിഴലിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. ക്രൈം വാര്‍ത്തകള്‍ക്ക് കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്നു. ഇതനുസരിച്ച് നല്ല വാര്‍ത്തകള്‍ക്ക് ഇടം കിട്ടാതെപോകുന്നു അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പെരുംനുണക്കാല മാണിതെന്ന് വിഷയം അവതരിപ്പിച്ച കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു പറഞ്ഞു. ഇന്ത്യയില്‍ ഏറെ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാ തിരുന്നവര്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ആഘോഷമാക്കി. ബിജെപി ഭരിക്കുമ്പോഴല്ല ഭാരതത്തില്‍ ഏറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ ആശയക്കാരെ ഉന്മൂലനം ചെയ്യുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നില്ല. അദ്ദേഹം പറഞ്ഞു. കേസരി മാനേജര്‍ അഡ്വ പി. കെ. ശ്രീകുമാര്‍ സ്വാഗതവും ടി. വിജയന്‍ നന്ദിയും പറഞ്ഞു.
















