കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ രേവതിപട്ടത്താനം നവംബര്‍ രണ്ടിന് ആഘോഷിക്കുമെന്ന് രേവതിപട്ടത്താനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രേവതിപട്ടത്താനദിവസം രാവിലെ തളിക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയും നരസിംഹ മൂര്‍ത്തിക്ക് നവകം, പഞ്ചഗവ്യം അഭിഷേകവും ഉണ്ടാകും. രാവിലെ എട്ടിന് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് പണക്കിഴി നല്‍കി ആദരിക്കും. തുടര്‍ന്ന് തളി മഹാദേവന്റെ ചിത്രം ആനപ്പുറത്തേറ്റി ക്ഷേത്രത്തില്‍ നിന്ന് പട്ടത്താനശാലയിലേക്ക് ഘോഷയാത്ര നടത്തും. തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പട്ടത്താനത്തിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. മനോരമ തമ്പുരാട്ടി പുരസ്‌കാരം ഡോ.എ. വി.പി. ഉണിത്തിരിക്ക് സാമൂതിരി കെ.സി.യു. രാജ സമ്മാനിക്കും.
യജുര്‍വേദസംഹിത, വാക്യാര്‍ത്ഥ സദസ്, അക്ഷരശ്ലോകം, പ്രഭാഷണം എന്നിവയും ഉണ്ടാകും. സമാപന സമ്മേളനത്തില്‍ എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയാകും. കൃഷ്ണഗീതി പുരസ്‌കാരം ജി.കെ. രാംമോഹനും മികച്ച ക്ഷേത്രം കലാകാരനുള്ള പുരസ്‌കാരം എം.കെ. നാരായണനും സമ്മാനിക്കും. പണ്ഡിതന്‍ വാസുദേവന്‍ പോറ്റിയെ ആദരിക്കും.
മൂന്ന് മുതല്‍ എട്ട് വരെ തളി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന നടത്തും. യജുര്‍വേദ ലക്ഷാര്‍ച്ചനക്ക് കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പട്ടത്താനസമിതി സെക്രട്ടറി ടി.ആര്‍. രാമവര്‍മ, ചെയര്‍മാന്‍ ടി.എം. ബാലകൃഷ്ണ ഏറാടി, ഗോവിന്ദ് ചന്ദ്രശേഖര്‍, വി.എം. ചന്ദ്രദാസ്, പി.കെ. പ്രദീപ് കുമാര്‍ രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















