തേഞ്ഞിപ്പലം: മാലിന്യദുരിതം കാക്കഞ്ചേരിയിലെ ജനങ്ങളെ വിട്ടൊഴിയുന്നില്ല. സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയാണ് ഇത്രയും നാള് ഭീഷണി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രശ്നം കിന്‍ഫ്രാ പാര്‍ക്കില്‍ നിന്നൊഴുകിയെത്തുന്ന മലിനജലമാണ്. പ്രദേശത്തെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കോളറ ഭീതിയിലാണ് കാക്കഞ്ചേരി നിവാസികള്‍.
കഴിഞ്ഞ ദിവസമാണ് പാര്ക്കിന് തൊട്ടടുത്തുള്ള ഭൂമിയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഉറവ രൂപപ്പെട്ടത്. മാനേജരെ വിവരമറിയിച്ചപ്പോള്‍ ഇത് പാര്‍ക്കില്‍ നിന്നല്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. എന്നാല്‍ രണ്ട് ദിവസം മുമ്പ് പാര്‍ക്കിലെ ഐടി ബ്ലോക്കില്‍ നിന്ന് അതിര്‍ത്തിക്ക് പുറത്തേക്ക് പൈപ്പുകള്‍ വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടെ കുഴിച്ചുനോക്കിയപ്പോഴാണ് മലിനജലത്തിന്റെ ഉറവിടം വ്യക്തമായത്.
കെട്ടിടത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യമടക്കം നാലിഞ്ച് വ്യാസമുള്ള പൈപ്പിലൂടെ പൊതുസ്ഥലത്തേക്ക് ഒഴിക്കിവിടുകയാണ്. ഇതുപോലുള്ള മറ്റൊരു ഉറവകൂടി ഇവിടെയുണ്ട്.
കിന്‍ഫ്രയില്‍ മലിനജല ശുദ്ധീകരണശാല വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ഇതിന് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അനുമതിയില്ല. ഇതിനെതിരെ മറ്റൊരു പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: