മലപ്പുറം: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കെ.വിപിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കുന്നുമ്മല്‍ കെഎസ്ആര്‍ടിസി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. എസ്പി ഓഫീസിന് സമീപത്ത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് പതിവായിരിക്കുകയാണ്. ആതവനാട് ഗോപാലകൃഷ്ണന് മുതല്‍ വിപിന്‍ വരെ ആ പട്ടിക നീളുന്നു. എല്ലാ കേസുകളിലും പോലീസ് അനാസ്ഥ പ്രകടമാണ്. മലപ്പുറം ശാന്തിയുടെ നാടാണെന്ന് കപടമതേതരവാദികള് പറയുന്നതിനിടെയാണ് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയാണ് വിപിനെന്ന വാദമുയര്‍ത്തി കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. ജിഹാദികളെ സഹായിക്കുന്ന ഇരട്ടത്താപ്പ് നയം പോലീസ് ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഹിന്ദുക്കള്‍ നിര്‍ബന്ധിതരാകുമെന്നും രവി തേലത്ത് പറഞ്ഞു.
യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി. വി. രാമന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: