രാവിലെ എഴുന്നേറ്റാല്‍ കാപ്പിയോ ചായയോ കുടിക്കുന്നത് ശീലമാക്കിയവരാണ് മിക്കവരും. ഈ ശീലം ഒഴിവാക്കാന്‍ പറ്റാത്ത വിധം നമ്മെ കീഴ്പ്പെടുത്തിയെന്നും പറയാം. കാപ്പിയും ചായയും അമിതമായാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളുകള്‍ തിരഞ്ഞെടുക്കുന്നത് ഗ്രീന്‍ ടീ ആയിരിക്കും. ആന്റിഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ.
ഗ്രീന്ടീയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിഓക്സഡന്റ് ഘടകങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ശ്വാസതടസ്സം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവ ചെറുക്കുന്നതിനും ഗ്രീന്‍ ടീ നല്ലതാണ്.
ജീവിതശൈലിയാണ് ചിത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ഇത് കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങളിലേക്ക് നയിക്കും. ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഹൃദയധമനികളിലെ തടസ്സങ്ങള്‍ നീക്കുന്നതിന് ഇത് സഹായിക്കും.
ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് ഗ്രീന്‍ ടീ. ചര്‍മ്മത്തെ സംരക്ഷിക്കുന്നതോടൊപ്പം ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ തടയാനും സഹായിക്കുന്നു. മുഖക്കുരു അകറ്റാനും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായക്കൂടുതല്‍ തോന്നുന്നത് ഒഴിവാക്കാനും ഗ്രീന്‍ ടീ സഹായിക്കും.
ശാരീരിക, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഗ്രീന്‍ ടീക്ക് സാധിക്കും. ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുള്ള പോളിഫെനോള്‍സ് സ്ട്രസ് കുറയ്ക്കുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന വ്യത്യസ്ത ആന്റി ഓക്സിഡന്റുകള്‍ മനസ്സ് ശാന്തമാകാനും സഹായിക്കുന്നു.
ഗ്രീന്‍ടീയിലടങ്ങിയിട്ടുള്ള പോളിഫെനോളും ഫ്ലാവനോയ്ഡുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കും. ക്യാന്‍സര്‍ ചെറുക്കുന്നതിനും ഗ്രീന്‍ ടീയുടെ ഉപയോഗത്താല്‍ സാധിക്കും. ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശ്വാസകോശാര്‍ബുദ സാധ്യത 18 ശതമാനമായി കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുള്ള പോളിഫെനോള്‍സ് ഒരു നല്ല ആന്റി ബാക്ടീരിയയാണ്. ഇത് ഇലദോഷം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുത്തുതോല്‍പ്പിക്കും. പഞ്ചസാര ഗ്രീന്‍ ടീയില്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. പകരം തേന്‍ ചേര്‍ക്കാം.
ഗ്രീന്‍ ടീ ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്നു. കരളിനെ ശുദ്ധീകരിക്കുക വഴി കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കെല്ലാം ഇതൊരു പ്രതിവിധിയാണ്.
ഗ്രീന്‍ ടീ അമിതമായ ചൂടോടെയും തണുപ്പോടെയും കുടിക്കരുത്. മിതമായ ചൂട് ഗ്രീന്‍ ടീയുടെ ഔഷധ ഗുണം അതേരീതിയില്‍ ലഭ്യമാക്കും. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഗ്രീന്‍ ടീ ചേര്‍ക്കാതെ തിളപ്പിച്ചു വച്ച വെള്ളത്തില്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ പാകത്തിനു മാത്രം തിളപ്പിക്കുകയോ ചെയ്താല്‍ അതിന്റെ ഗുണവും സ്വാദും നിലനില്ക്കും.
അധികം കടുപ്പത്തോടെയും തീരെ കടുപ്പം ഇല്ലാതെയും കുടിക്കുന്നതും ഗ്രീന്‍ ടീയുടെ ഗുണം കുറയ്ക്കും. പാകത്തിന് കടുപ്പമാണ് വേണ്ടത്. ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുമെങ്കിലും ഫലം വേഗത്തില്‍ കിട്ടുന്നതിനായി അമിതമായി ഉപയോഗിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: