തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജന് സസ്‌പെന്‍ഷന്‍. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചത്. ഐ.ജിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സന്തോഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം വൈദ്യപരിശോധന നടത്തി ഇരുവര്‍ക്കെതിരേയും അന്വേഷണം നടത്തി. ഐജി ജയരാജ് മുന്‍പ് ട്രെയിന്‍ യാത്രയ്‌ക്കിടെ അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
















