പാലക്കാട്: കഥകളി ആചാര്യന്‍ പരിയനംപറ്റ ദിവാകരന്‍ അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വര്‍ഷമായി കഥകളി മേഖലയില്‍ സജീവമായിരുന്നു പരിയനംപറ്റ ദിവാകരന്‍. താടി വേഷങ്ങളും മിനുക്ക് വേഷവുമായിരുന്നു അദ്ദേഹം അധികവും ചെയ്തിരുന്നത്. ഉഷയാണ് ഭാര്യ. മക്കള്‍ ശ്രീജേഷ്, ശ്രീഷ.
പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്ന പെരിങ്കന്നൂര്‍ പരിയാനംപറ്റ മനയില്‍ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ മകനാണ് ദിവാകരന്‍. മാജിക്കില്‍ പ്രൊഫസ്സര്‍ വാഴകുന്നത്തിന്റെ ശിഷ്യനായിരുന്നു കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. നാടകത്തില്‍ മുസ്ലീം വേഷങ്ങളാണ് കുഞ്ചുണി അധികവും ചെയ്തിരുന്നത്.
ശ്രീദേവി അന്തര്‍ജ്ജനമാണ് ദിവാകരന്റെ അമ്മ. എട്ടാം വയസ്സുമുതല്‍ പേരൂര്‍ ഗാന്ധി സേവാസദനത്തില്‍ ചേർന്ന് കഥകളി അഭ്യസിച്ചു. സദനം (കീഴ്‌പടം) കുമാരന്‍ നായര്‍, സദനം ബാലകൃഷ്ണന്‍ എന്നിവരൊക്കെ ഗുരുക്കന്മാരായിരുന്നു. പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്നു അഭ്യസിച്ചു.
കലാമണ്ഡലത്തില് വാഴേങ്കട വിജയന്‍ കലാമണ്ഡലം ഗോപി കലാമണ്ഡലം പദ്മനാഭന്‍ നായര്‍ എന്നിവരുടെയൊക്കെ കളരിയില്‍ അഭ്യസിച്ചു. കൂടാതെ കെ.ജി വാസുദേവന്‍, വി.പി രാമകൃഷ്ണന്‍ നായര്‍ എന്നിവരും ഗുരുക്കന്മാരായിരുന്നു. കലാമണ്ഡലം ഗോപി വിദേശയാത്രക്ക് പോയപ്പോള്‍ വിസിറ്റിങ് പ്രൊഫസര്‍ ആയി വന്ന സദനം കൃഷ്ണന്‍കുട്ടിയും കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനുമാണ് താടിവേഷത്തില്‍ ശോഭിക്കുമെന്നും അതിലേക്കു ശ്രദ്ധിക്കാനുമുള്ള നിര്‍ദേശം ദിവാകരന് നല്‍കിയത് .
അടുത്ത കാലത്തായി കുചേലവേഷങ്ങളും ദിവാകരന്‍ ചെയ്തിരുന്നു.
















