കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. നടന്‍ ദിലീപിന് അനുകൂലമായിട്ടാണ് മുഖ്യസാക്ഷി മൊഴി മാറ്റി പറഞ്ഞിരിക്കുന്നത്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് കിട്ടി. പള്‍സര്‍ സുനി നല്‍കിയ മൊഴിയില്‍ താന്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നല്‍കിയ മൊഴി.
ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യ, പൾസർ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പൾസറായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ പൾസറിനെ അറിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്.
















