പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ തുമ്പികള്‍
കുമളി: 80 വര്‍ഷത്തിനുശേഷം അത്യഅപൂര്‍വ്വമായി കണ്ടെത്തിയ ഇന്ത്യന്‍ എമറാള്‍ഡ് അടക്കം 77 സ്പീഷിസുകളില്‍പെടുന്ന തുമ്പികളെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ആദ്യമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യന്‍ ഡ്രാഗണ്‍ സൊസൈറ്റിയും സംസ്ഥാന വനംവകുപ്പും സംയുക്തമായി കഴിഞ്ഞ 27-29 വരെയാണ് സര്‍വ്വേ നടത്തിയത്. പ്രൊഫ. എഫ്‌സി എന്ന എഴുത്തുകാരന്റെ ‘ഫോണ ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന തുമ്പിയാണ് ഇന്ത്യന്‍ എമറാള്‍ഡ്.
സര്‍വേയില്‍ കണ്ടെത്തിയതില്‍ 43 എണ്ണം കല്ലന്‍തുമ്പി വിഭാഗത്തിലും 34 എണ്ണം സൂചി തുമ്പി വിഭാഗത്തിലും ഉള്‍പെടുന്നവയാണ്. കുങ്കുമ നിഴല്‍ തുമ്പി, കാട്ടുമര തകന്‍, തീകറുപ്പന്‍, കാട്ടുപിരി ചിറകന്‍, ചെങ്കറുപ്പന്‍ അരുവിയന്‍ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ തുമ്പികളെ തരംതിരിച്ചിരിക്കുന്നു.
വലിപ്പത്തില്‍ ചെറുതാണെങ്കിലും മനോഹാരിതയിലും, ജീവിതക്രമത്തിലും സങ്കീര്‍ണതയിലും അതീവശ്രദ്ധ അര്‍ഹിക്കുന്നവരാണ് തുമ്പികള്‍. തുമ്പി ഇനത്തില്‍ പെടുന്ന പറവകള്‍ അവയുടെ വാസസ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ജലാശയത്തിന്റെ തോത്, ഒഴുക്കിന്റെ തീവ്രത, ഊഷ്മാവ്, നദിയുടെ ആഴം എന്നിവ പരിഗണിക്കുന്നു. ജലാശയ മലിനീകരണം തുമ്പികളുടെ അതിജീവനത്തിന് വിഘാതമാകുന്നതായും പഠനം കണ്ടെത്തി.
13 ശതമാനത്തോളം തുമ്പികള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഗംമ്പൂസിയ മത്സ്യങ്ങള്‍ക്ക് പകരം തുമ്പികളെ വളര്‍ത്തിയാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ ഉന്മൂലനം സാധ്യമാകുമെന്നും നിരീക്ഷകര്‍ അവകാശപ്പെടുന്നു. ഗവേഷകര്‍ വിദ്യാര്‍ത്ഥികള്‍, വനപാലകര്‍ എന്നിവരുള്‍പ്പെടെ 84 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സൊസൈറ്റി പ്രസിഡന്റ് ഡോ. ത്യാഗി, സെക്രട്ടറി ഡോ. കിരണ്‍ സി.ജി., വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സര്‍വ്വേയില്‍ പങ്കെടുത്തു.
















