കോഴിക്കോട്: ഗള്‍ഫ് നാടുകളിലേക്കുള്ള മനുഷ്യക്കടത്തില്‍ കേരളം പ്രധാന കണ്ണിയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമാ സാഹു പറഞ്ഞു. ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ച് സ്ത്രീചേതന മനുഷ്യക്കടത്ത് ”സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്ന ആഘാതങ്ങള്‍” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഗള്‍ഫ് നാടുകളിലേക്കുള്ള മനുഷ്യക്കടത്ത് നടക്കുന്നത്. ഈ വിമാനത്താവളങ്ങളില്‍ മനുഷ്യക്കടത്തിന് അനൂകൂലമായ ഘടകങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയിട്ടും തൊഴിലവസരങ്ങളുണ്ടായിട്ടും കേരളത്തിലെ സ്ത്രീകളുടെ സ്ഥിതിയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസം, ആരോഗ്യം, എന്നീ മേഖലകളില്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യക്കടത്തിന് ഇരയാകുകയാണ്. സിനിമാ ലോകത്തെ മാസ്മരിക സ്വാധീനം സ്ത്രീ ചൂഷണത്തിന് വിധേയമാകുന്ന സാഹചര്യമാണുള്ളത്. അവര്‍ പറഞ്ഞു.
പ്രേരണ സ്ഥാപക അദ്ധ്യക്ഷ പ്രീതി പട്കര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീചേതന ഡയറക്ടര്‍ രാധാ അയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. നിര്‍മലാ ആപ്‌തേ, ഡോ. മോളി കുരുവിള, ഡോ. കെ.എസ്. ജയശ്രീ, ഡോ. കെ.പി. ആശ എന്നിവര്‍ സംസാരിച്ചു.
ഡോ. ശാരദാ രാജീവന്‍, ഗീതാഗോപാല്‍, ഡോ. വി.സി. ബിന്ദുമോള്‍, ഡോ. ജയേഷ്, കെ. ജോസഫ്, ഡോ. പാട്ടത്തില്‍ ധന്യമേനോന്‍, ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, ഡോ. അഞ്ജലി വിശ്വാസ് ദേശ്പാണ്‌ഡേ, പ്രൊഫ. താജി ജി.ബി, എ.ആര്‍. സുപ്രിയ, പ്രൊഫ. ബിന്ദു ആമാട്ട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ ഡോ. അഞ്ജലി ബിശ്വാസ് മേത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബിന്ദു ആമാട്ട്, ശൈലജ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
















