ആലപ്പുഴ: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാരില്‍ നിന്ന് തലവരിപ്പണം ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തലപ്പാടി ചെക്‌പോസ്റ്റു വഴി വരുന്ന അയ്യപ്പന്മാരോട് പള്ളിക്കെട്ടിന് 100 രൂപ വീതമാണ് ഈടാക്കുന്നത്.
വാഹനങ്ങള്‍ക്ക് നികുതി ചുമത്താറുണ്ടെങ്കിലും അയ്യപ്പന്മാരില്‍ നിന്നും തലവരിപ്പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അയ്യപ്പ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ നാലിന് നീരേറ്റുപുറം ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ അയ്യപ്പ മഹാസംഗമം നടത്തും.
രാവിലെ 8.30ന് കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഉദ്ഘാടനം ചെയ്യും. ഗായകന്‍ ജയന്‍ (ജയവിജയ) അദ്ധ്യക്ഷനാകും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അയ്യപ്പസേവാസമാജം ദേശീയ പ്രസിഡന്റ് ടി.വി. ശേഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്‍ അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് പദ്ധതി ആര്‍.കെ. ദാമോദരനും ഭവനം ഒരു പൂങ്കാവനം പദ്ധതി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉദ്ഘാടനം ചെയ്യും. സ്വാമിനി ജ്ഞാനാഭിഷ്ഠ, സ്വാമി ദര്‍ശനാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും.
ശബരിമല തന്ത്രിമാര്‍, പന്തളം രാജാവ്, വലിയ, ചെറിയ കടുത്ത സ്വാമിമാര്‍, കറുപ്പായി അമ്മ, കറുപ്പുസ്വാമി, ചീരപ്പന്‍ചിറ കുടുംബക്കാര്‍, എരുമേലി പുത്തന്‍വീട്ടില്‍ കാരണവര്‍, ആലങ്ങാട്ട്, അമ്പലപ്പുഴ പെരിയവന്മാര്‍, തിരുവാഭരണ വാഹകര്‍, നിയുക്ത മേല്‍ശാന്തിമാര്‍ തുടങ്ങി ശബരിമലയുമായി ബന്ധമുള്ളവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.ജി. രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ.ജി. കര്‍ത്ത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















