കുമളി: പെരിയാര്‍ വന്യജീവി സാങ്കേതത്തിന് സമീപം ഹോളിഡേ ഹോം മേഖലയില്‍ പുലിയിറങ്ങി, നായയെ ആക്രമിച്ചു. കൊല്ലംപട്ടട പാലകുടിയില്‍ സാബുവിന്റെ വളര്‍ത്ത് നായയാണ് ആക്രമണത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
നായയെ കൂട്ടില്‍നിന്ന് പുലി പുറത്തേയ്ക്ക് കടിച്ചുവലിക്കുന്നതാണ് ശബ്ദംകേട്ട് ഉറക്കം ഉണര്‍ന്ന വീട്ടുകാര്‍ കാണുന്നത്. ഉച്ചത്തില്‍ ബഹളം വച്ചതോടെ ഇരുളിലേക്ക് മറയുകയായിരുന്നു.
നായയുടെ കഴുത്തില്‍ പല്ലുകള്‍ പതിഞ്ഞ പാടുകളുണ്ട്. പെരിയാര്‍ വന്യജീവി സാങ്കേതത്തിലെ വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വന്യമൃഗത്തിന്റെ കാല്‍പ്പാടുകള്‍ വ്യക്തതയില്ലാത്തതിനാല്‍ ആക്രമിച്ചത് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഒരാഴ്ച മുമ്പ് സമീപത്തെ വിമല്‍ദാസ് എന്നയാളുടെ രണ്ട് ആടുകള്‍ സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്ത് കെണിയൊരുക്കുന്നതിനായി കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ജനവാസ മേഖലയാണ് കൊല്ലംപട്ടട, കുരിശുമല പ്രദേശങ്ങള്‍. പുലിയിറങ്ങിയതായുള്ള വിവരം തദ്ദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. കുമളി ടൗണില്‍ നിന്ന് 500 മീറ്റര്‍ ദൂരത്താണ് ഹോളിഡേ ഹോം സ്ഥിതി ചെയ്യുന്നത്.
















