കോഴിക്കോട്: പതിനാറുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മെഡിക്കല്‍ കോളേജ് എസ്‌ഐ ഹബീബുള്ളക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് പതിനാറുകാരന് മര്‍ദ്ദനം ഏല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അര്‍ദ്ധരാത്രിയില്‍ നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വനിതാ ഹോസ്റ്റലിനു മുന്നില്‍ കണ്ട മെഡിക്കല്‍ കോളേജ് എസ്‌ഐയെ ചോദ്യം ചെയ്തതിനാണ് പതിനാറുകാരന് മര്‍ദ്ദനമേറ്റത്. വീട്ടുകാരെ എസ്‌ഐ അസഭ്യം പറയുന്നത് ചോദ്യം ചെയ്തപ്പോള്‍ എസ്‌ഐ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി എടുത്തിട്ടുണ്ടെങ്കിലും തത്കാലം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയ കുട്ടിയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.
എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ പോയതാണെന്നും കുട്ടി ചോദ്യം ചെയ്തപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌ഐയുടെ വാദം.
















