ഇടുക്കി: പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ഒരേക്കര്‍ വീതം നല്‍കി പെരിഞ്ചാംകുട്ടിയില്‍ തന്നെ പുനരധിവസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടും. 2012ലാണ് പെരിഞ്ചാംകുട്ടിയില്‍ നിന്നും നൂറില്‍പ്പരം ആളുകളെ യുഡിഎഫ് സര്‍ക്കാര്‍ കുടിയിറക്കിയത്.
ജില്ലാ ആസ്ഥാനത്ത് അഞ്ച് വര്‍ഷമായി നടത്തിവന്ന സമരത്തെത്തുടര്‍ന്നാണ് കുടിയിറക്കിയവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറായത്. 161 കുടുംബങ്ങളാണ് സമരമുഖത്തുണ്ടായിരുന്നതെന്നാണ് സമരസമിതി കണ്‍വീനര്‍ ബാബു അറയ്‌ക്കല്‍ പറയുന്നത്. ഇത് സംബന്ധിച്ച ലിസ്റ്റും ജില്ലാകളക്ടര്‍ക്ക് നല്‍കിയതായും ബാബു ജന്മഭൂമിയോട് പറഞ്ഞു.
സമരക്കാര്‍ സമര്‍പ്പിച്ചതെന്ന പേരില്‍ അടിമാലി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസറുടെ പക്കലുള്ള ലിസ്റ്റില്‍ അഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍ വരെ വസ്തുവുള്ളവര്‍ കടന്നുകൂടിയിട്ടുണ്ട്. ദേവികുളം ആര്‍ഡിഒയുടെ പരിധിയില്‍ വരുന്ന അടിമാലി, ചിന്നക്കനാല്‍, മാങ്കുളം, എന്നീ വില്ലേജുകളുടെ പരിധിയില്‍പ്പെട്ട 41 കുടുംബങ്ങളുടെ ലിസ്റ്റില്‍ 24 പേര്‍ക്കും സ്വന്തമായി ഭൂമിയുണ്ടെന്ന് അടിമാലി ട്രൈബല്‍ ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഇത് സംബന്ധിച്ച വിവരങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇടുക്കിയില്‍ പട്ടയ വിതരണം നടത്തിയപ്പോള്‍ പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് പട്ടയം നല്‍കാന്‍ നീക്കം നടത്തിയിരുന്നു.
സമരക്കാരില്‍ പലര്‍ക്കും സ്വന്തമായി ഭൂമിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നീക്കം മാറ്റിവച്ചത്. തങ്ങള്‍ നല്‍കിയിരിക്കുന്ന 161 പേരുടെ ലിസ്റ്റില്‍ ആര്‍ക്കും സ്വന്തമായി ഭൂമിയില്ലെന്നാണ് പെരിഞ്ചാംകുട്ടി സമരക്കാരുടെ വാദം. സ്വന്തമായി ഭൂമയുള്ളവരെ കണ്ടെത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയാല്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സമരസമിതി പറയുന്നത്.
















