പറവൂര്‍: പറവൂരിലെ മൂന്ന് കോടതികളുടെ പ്രവര്‍ത്തനം രണ്ടുമാസമായി നിലച്ചു. ന്യായാധിപന്മാര് ഇല്ലാത്തതിനാലാണിത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കോടതി പ്രവര്‍ത്തിക്കുന്നതല്ലെന്ന നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കക്ഷികള്‍ ദിവസവും കോടതി വരാന്തയില്‍ വന്ന് നോക്കി തിരിച്ചു പോവുകയാണ്. കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ കക്ഷികളും വക്കീലന്മാരും ആണ് ഏറെ വിഷമിക്കുന്നത്. സബ് കോടതി രണ്ട, ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്ന്, മുന്‍സിഫ് കോടതി, നന്ത്യാട്ടുകുന്നം മജിസ്ട്രേട്ട് കോടതി മൂന്ന് എന്നിവയുടെ പ്രവര്‍ത്തനമാണ് ന്യായാധിപന്മാര് ഇല്ലാത്തതിനാല്‍ നിലച്ചിരിക്കുന്നത്.
സബ് ജഡ്ജ് സ്ഥലം മാറിപ്പോയതിനുശേഷം പകരം ആള് എത്തിയിട്ടില്ല. ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേട്ടും മുന്‍സിഫ് കോടതിയിലെ മുന്‍സിഫും ദീര്‍ഘകാല അവധിയിലാണ്. നന്ത്യാട്ടുകുന്നം കോടതി മൂന്നിലെ മജിസ്ട്രേട്ട് രണ്ട് ദിവസം വീതം കോടതി ഒന്നിലും മുന്‍സിഫ് കോടതിയിലും എത്തുന്നുണ്ടെങ്കിലും കേസുകള്‍ ഏറെയുള്ള പറവൂരില്‍ ഇത് അപര്യാപ്തമാണ് എന്നാണ് ആക്ഷേപം.
ചേന്ദമംഗലം ഗ്രാമീണന്യായാലയത്തിന്റെ ചുമതലയും ഈ മജിസ്ട്രേട്ടിനുതന്നെയാണ്. ഒരാള്‍ തന്നെ വിവിധ കോടതികള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുകയാണ്. ചെറിയ കാര്യങ്ങള്‍പോലും നടത്തിക്കിട്ടുന്നില്ലന്നാണ് കക്ഷികളുടെ പരാതി. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: