തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും കോണ്‍ഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അരുണ്‍കുമാറും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഡിസിസി അംഗം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. നെടുമങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗവുമായ എ. സുരേഷ്‌കുമാറാണ് ഗുരുതര ആരോപണങ്ങളുമായി ഡിജിപിയെ സമീപിച്ചത്.
2007 ല്‍ സുരേഷിനെതിരെ അന്നത്തെ നെടുമങ്ങാട് എസ്‌ഐ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തിരുന്നു. 2010 ല്‍ 629/10 നമ്പരായി എസ്‌ഐക്കെതിരെ സുരേഷ് ഹൈക്കോടതിയില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്തു. ഇരുകേസുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. സുരേഷ് എസ്‌ഐക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ പലപ്രാവശ്യം സുരേഷിനെ സമീപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരുലക്ഷം രൂപയും ഇവര്‍ വാഗ്ദാനം നല്‍കിയതായി സുരേഷ് പറയുന്നു.
വഴങ്ങാതായതോടെ പാലോട് രവിക്ക് താത്പര്യമുള്ളയാളാണ് എസ്‌ഐയെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ തീര്‍ത്തുകളയുമെന്നും ഭീഷണിപ്പെടുത്തി. കേസുമായി മുന്നോട്ടു പോകുമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ പാലോട് രവി നേരിട്ടായി വിരട്ടലും അസഭ്യം പറച്ചിലുമെന്ന് സുരേഷ് പറയുന്നു. പാലോട് രവി, അരുണ്‍കുമാര്‍, ഇവരുടെ അനുയായി ആറ്റുകാല്‍ അജി എന്നിവര്‍ ചേര്‍ന്ന് ഗുണ്ടകളെ വിട്ട് തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും കഴിഞ്ഞ 25 ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളെ ഇവര്‍ ഉപദ്രവിക്കുമെന്ന ഭീഷണി ഉയര്‍ന്നതോടെയാണ് താന്‍ പോലീസ് സംരക്ഷണം തേടിയതെന്നും സുരേഷ് പറയുന്നു. പൊതുപ്രവര്‍ത്തകനായ തനിക്ക് വഴിനടക്കാന്‍ പോലും ഇപ്പോള്‍ ഭയമാണ്. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ഇവര്‍ മൂവരുമാണെന്നും സുരേഷ് പരാതിയില്‍ പറയുന്നു.
















