അയ്‌മനം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജന്മനാട്ടില്‍ സ്‌നേഹകൂട്ടായ്‌മയിലൂടെ സുകുമാരിയമ്മയ്‌ക്ക് സുരക്ഷിതമായി തലചായ്‌ക്കാന്‍ വീടൊരുങ്ങി. കുമ്മനം കൈലാസ്ഭവനില്‍ സുകുമാരി അമ്മയ്‌ക്ക് വാട്ട്‌സ് ആപ്പ് കൂട്ടായ്‌മയിലൂടെ് ഒരുകൂട്ടം യുവാക്കളുടെ ശ്രമഫലമായാണ് വീടുപണിപൂര്‍ത്തീകരിച്ചത്.
തിരുനക്കരയില്‍ കപ്പലണ്ടി കച്ചവടം നടത്തിയാണ് ചന്ദ്രശേഖരന്‍നായര്‍ ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹം മരണപ്പെട്ടതോടെ കുടുംബത്തിന്റെ ചുമതല മകന്‍ സോമരാജന്‍ ഏറ്റെടുത്തു. വിധിയുടെ ക്രൂരതയാല്‍ സോമരാജനും കരള്‍രോഗം പിടിപെട്ട് മരണമടഞ്ഞു. ഇതിനിടയില്‍ മകളുടെ വിവാഹവും നടന്നിരുന്നു. അച്ഛന്റെയും സഹോദരന്റെയും മരണം സഹോദരിക്കു സഹിക്കാനായില്ല. ഇവരും മാനസികമായി തളര്‍ന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം പ്രായമായ അമ്മയുടെ ചുമലിലായി.
സമീപത്തെ ക്ഷേത്രങ്ങളില്‍ മാലകെട്ടിക്കൊടുത്തും മറ്റും നിത്യചിലവിനുള്ള വഴികണ്ടെത്തുകയായിരുന്നും ഈ അമ്മ. എന്നാല്‍ കഠിനമായ പ്രമേഹരോഗം മൂലം ഏറെക്കാലം ഈ ജോലി ചെയ്യുവാനും സാധിച്ചില്ല. നടക്കുവാന്‍ പോലുമാകാത്ത സ്ഥിതിയിലായതോടെ സ്വാമിയാര്‍മഠത്തില്‍നിന്നും മറ്റും ലഭിച്ചിരുന്ന സഹായമാണ് ഇവര്‍ക്ക്് ആശ്വാസമായത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അമ്മയും മകളും മാത്രമായി. ജീര്‍ണ്ണാവസ്ഥയിലായ വീടിന്റെ മുകളിലേക്ക് ഒരു മഴക്കാലത്ത് മരം വീണതോടെ കിടന്നുറങ്ങുവാന്‍പോലുമാകാത്ത സ്ഥിതിയിലായി. സഹായത്തിനാരുമില്ലാതെ 24 ദിവസത്തോളം അവര്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. അപ്പോഴാണ് മര്യാത്തുരുത്തു കൂട്ടായ്‌മ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.
250 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണിത്. ഇതിന്റെ അഡ്മിന്‍ ഇക്കാര്യത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്ന ആശയം മുന്നോട്ടു വച്ചു. പല ഭാഗങ്ങളില്‍നിന്നായി നിരവധി ആളുകള്‍ ഇതിനോടു പ്രതീകരിച്ചു. സുകുമാരിയമ്മയുടെ ജീവിതം കണ്ടറിഞ്ഞവര്‍ ഇവരെ സഹായിക്കുവാന്‍ ഒത്തുചേര്‍ന്നു. യുവാക്കള്‍ ചേര്‍ന്ന് സുകുമാരിയമ്മ ഭവന നിര്‍മ്മാണസമിതി രൂപീകരിച്ചു. ഇതോടെ സഹായങ്ങളുമായി പലരും മുമ്പോട്ടുവന്നു. പണമായും സാധനസാമഗ്രികളുമായി സഹായങ്ങളെത്തി. ഇതിനോടകം പ്രകൃതിദുരന്ത നഷ്ടപരിഹാരമായി 25000 രൂപയും ഇവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ചു. ഇവ ഉപയോഗിച്ച് രണ്ടുമാസം മുന്‍പ് ഭവന നര്‍മ്മാണം ആരംഭിച്ചു.
ഇപ്പോള്‍ രണ്ടു മുറിയും ഹാളും അടുക്കളയും വരാന്തയും ശുചിമുറിയുമുള്ള വീട് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഒരു നാടിന്റെ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും സന്ദേശമായി സുകുമാരി അമ്മയ്‌ക്ക് ഈ വീട്ടില്‍ ഇനി മുതല്‍ അന്തിയുറങ്ങാം. മൂന്ന് ലക്ഷത്തിലധികം രൂപ ഇതുവരെ പണമായി ലഭിച്ചുവെന്നും നിര്‍മ്മാണ ചെലവുകഴിച്ച് ബാക്കിതുകയും ഇനിയും വാഗ്ദാനം ചെയ്തിട്ടുള്ള തുകയും ചേര്‍ത്ത് അമ്മയുടെയും മകളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 29ന് രാവിലെ 8.30നും 9.30നും ഇടയ്‌ക്ക് ഗൃഹപ്രവേശം നടത്തുവാന്‍ ഒരുങ്ങുകയാണ് മര്യാത്തുരുത്ത് കൂട്ടായ്‌മ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്.
















