മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് നവീകരിച്ച മൈതാനസംരക്ഷണം ആര്‍ക്ക് കൈമാറണമെന്നത് സര്‍ക്കാറുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ലോകകപ്പ് നോഡല്‍ ആഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയിലെ വെളി, പരേഡ് മൈതാനങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിന്നു അദ്ദേഹം. മൈതാനങ്ങള്‍ക്ക് തുടര്‍സംരക്ഷണം അനിവാര്യമാണ്. ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനത്ത് നാല് പതിറ്റാണ്ടായി ഫുട്ബോള്‍ പരീശിലനം നടത്തി വരുന്ന റൂഫസ് ഡിസൂസയുടെ സാന്‍ഡോസ് ക്ലബ്ബ് പരേഡ് മൈതാനം തങ്ങള്‍ സംരക്ഷിച്ചുകൊള്ളാമെന്ന് നോഡല്‍ ഓഫീസറെ അറിയിച്ചിട്ടുണ്ട്.
അഞ്ച് കോടി രൂപ ചിലവില്‍ നവീകരിച്ച വെളി മൈതാനം കൊച്ചി നഗരസഭയുടെയും ‘രണ്ടരക്കോടി രൂപ ചെലവഴിച്ച പരേഡ് മൈതാനം റവന്യു വിഭാഗത്തിന്റെയും അധികാരപരിധിയിലാണ്. ‘പ്രതിമാസം ശരാശരി ഒന്നുമുതല്‍ മൂന്ന് ലക്ഷം രൂപവരെ സംരക്ഷണ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മൈതാനങ്ങളുടെ തുടര്‍സംരക്ഷണത്തിന് പ്രത്യേക സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷൈനി മാത്യു, ഫുട്ബോള്‍ പരിശീലകന് റൂഫസ് ഡിസൂസ, സംസ്ഥാന ഗുസ്തി അസോസിയേഷന് സെക്രട്ടറി എം.എം.സലീം എന്നിവരും മുഹമ്മദ് ഹനീഷിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: