പാലക്കാട്: ജില്ലയില്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച മീസല്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെപ്പില്‍ 53.45 ശതമാനം കുട്ടികള്‍ കുത്തിവെപ്പെടുത്തു. ജില്ലയിലെ കുത്തിവെപ്പ് നല്‍കേണ്ട 673693 കുട്ടികളില്‍ 360063 കുട്ടികള്‍ക്ക് ആരോഗ്യവകുപ്പ് കുത്തിവെപ്പ് നല്കി.
ബാക്കിയുള്ള കുട്ടികള്‍ക്ക് നവംബര്‍ മൂന്നിനകം കുത്തിവെപ്പ് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സ്കൂളുകള്‍-അങ്കണവാടികള്‍ വഴി അഞ്ചാംപനി-റൂബെല്ല രോഗങ്ങള്‍ക്കെതിരെ കുത്തിവെപ്പ് നല്‍കുന്നത്.
വടക്കഞ്ചേരി, അഗളി എന്നിവിടങ്ങളില്‍ 80 ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കിയിട്ടുണ്ട്. തൃത്താലയിലെ മഹര്‍ഷി വിദ്യാലയത്തിലെ 1310 കുട്ടികള്‍ക്കും കുത്തിവെപ്പ് നല്കി. ജില്ലയില്‍ ഈ നേട്ടം ആദ്യം കൈവരിച്ച സ്കൂളാണ് മഹര്‍ഷി വിദ്യാലയം.
ജില്ലയില്‍ കുത്തിവെപ്പില്‍ പിന്നാക്കം നില്ക്കുന്ന അലനെല്ലൂര്‍, ചാലിശ്ശേരി, ചളവറ, കൊപ്പം മേഖലകളിലെ സ്കൂളുകളില്‍ പി.റ്റി.എ. യോഗങ്ങള്‍ ചേര്‍ന്ന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. കുത്തിവെപ്പ് ആരംഭിച്ചതിനുശേഷം ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുത്തിവെപ്പിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെ അവഗണിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്കി ആരോഗ്യം ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: