കഴക്കൂട്ടം: ഇന്ത്യന്‍ സാഹിത്യത്തിന്റെ തിരിച്ചറിയല്‍രേഖ വൈവിധ്യം ഉള്‍ക്കൊള്ളുന്ന ദേശീയതയാണെന്ന് ഡോ ജോര്‍ജ് ഓണക്കൂര്‍. കേന്ദ്ര സാഹിത്യഅക്കാദമിയും തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സാഹിത്യശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ഭാഷകളില്‍ എഴുതപ്പെടുന്നതാണെങ്കിലും ഇന്ത്യന്‍ സാഹിത്യം ഒന്നാണെന്ന സാഹിത്യ അക്കാദമിയുടെ കാഴ്ചപ്പാടിന് പ്രസക്തി വര്‍ധിച്ചുവരുന്നുവെന്നും ദേശീയതാ സങ്കല്പത്തെ എഴുത്തുകാര്‍ തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്നും ഓണക്കൂര്‍ ഓര്‍മിപ്പിച്ചു.
മലയാള നോവലിന്റെയും കഥയുടെയും ഭാവുകത്വത്തെ മാറ്റിയെഴുതിയത് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ അന്തര്‍ധാരകളായിരുന്നെന്നും എഴുത്തുകാര്‍ക്ക് പുതിയ ആശയങ്ങളും രചനാ സങ്കേതങ്ങളും സൃഷ്ടിക്കേണ്ടിവന്നുവെന്നും സാഹിത്യ വിമര്‍ശകന്‍ ഡോ പി.കെ. രാജശേഖരന്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ അതിപ്രസരമാണ് ഇന്നത്തെ എഴുത്തുകാരന്റെ വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
ശില്പശാലയില്‍ എഴുത്തുകാരായ ഡോ എം. രാജീവ്കുമാര്‍, വി.വി. കുമാര്‍, എസ്.ആര്‍. ലാല്‍, പ്രിന്‍സിപ്പല്‍ ഫാ ഡോ വി.വൈ. ദാസപ്പന്‍, മലയാളം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവി ഡോ ടി.കെ. സന്തോഷ്‌കുമാര്‍, അധ്യാപകരായ ഒ. രേണുക, ലിസ്ബ യേശുദാസ്, ഡോ സുധീഷ് സാം, മുന്‍ വകുപ്പ് മേധാവി ഡോ ഐറിസ് കൊയ്‌ലിയോ, മലയാള സമാജം സെക്രട്ടറി രേശ്മ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















