ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കഞ്ചാവ് മാഫിയകളുടെ പിടിയില്‍. ചെറുതും വലുതുമായ കഞ്ചാവ് വില്പനക്കാര്‍ മുഖ്യമായും ലക്ഷ്യമിടുന്നത് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെയാണ്. ചങ്ങനാശ്ശേരി ടൗണ്‍, തെങ്ങണ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടക്കുന്നത്. കഞ്ചാവ് കച്ചവടക്കാരെ വലയിലാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടയിലും വ്യാപാരം സജീവമാണ്. ചില ചെറുകണ്ണികള്‍ മാത്രമാണ് എക്‌സൈസിന്റെ വലയിലാകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വരെ കഞ്ചാവ് ലോബികളുടെ ഇരകളാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സികളാണ് ചങ്ങനാശ്ശേരി മേഖലകളില്‍ കഞ്ചാവ് എത്തിച്ചുവരുന്നത്. കുമളി ചെക്‌പോസ്റ്റ് കടത്തി കൊണ്ടുവരുന്ന കഞ്ചാവ് വിപണനം നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ സജ്ജമാണ്. ഇത് സംബന്ധിച്ചുള്ള സൂചനകള്‍ എക്‌സൈസ്, പോലീസ് വിഭാഗങ്ങള്‍ക്ക് ലഭ്യമാണെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകാറില്ലെന്ന പരാതികള്‍ വ്യാപകമാണ്. റെയ്ഡിനോ പരിശോധനകള്‍ക്കോ എക്‌സൈസ്, പോലീസ് വിഭാഗങ്ങള്‍ തയാറായാല്‍ വിവരങ്ങള്‍ ചോര്‍ന്ന് അപ്പോള്‍ത്തന്നെ കഞ്ചാവ് ലോബികളില്‍ എത്തും. ഇതോടെ ഇക്കൂട്ടര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മുങ്ങും.
















