വടകര: മണിയൂര്‍ നിവാസികളുടെ ചിരകാലാഭിലാഷമായ കുട്ടോത്ത്-അട്ടക്കുണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹാരിക്കാത്ത അധികൃതരുടെ നിസംഗതക്കെതിരെ യുവമോര്‍ച്ച മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്. 13.5 കിലോമീറ്റര്‍ നീളമുള്ള റോഡിന് ഫണ്ട് അനുവദിച്ചിട്ടും പ്രവര്‍ത്തി തുടങ്ങാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല.
എല്ലാവരും അവഗണിച്ച റോഡിനുവേണ്ടി യുവമോര്‍ച്ച കഴിഞ്ഞ വര്‍ഷം സമരം നടത്തിയിരുന്നു. ഇത് ജനങ്ങളില്‍ ചര്‍ച്ചയായതോടെയാണ് കഴിഞ്ഞ ബജറ്റില്‍ ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഇതുവരെ റോഡ് വികസനത്തിനുവേണ്ടി സ്ഥലമെടുപ്പുപോലും നടന്നിട്ടില്ല.
കഴിഞ്ഞ ദിവസം റോഡ് വികസനത്തിനുവേണ്ടി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണെന്ന് ആരോപണമുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളാണ്. ഇത് മാറ്റിയാല്‍ മാത്രമേ റോഡു വികസനം സാധിക്കുകയുള്ളൂ.
ഇക്കാര്യത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ കലക്ടര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് കാലത്ത് 8 മണിമുതല്‍ കുറുന്തോടിയില്‍ റോഡ് ഉപരോധിക്കുമെന്നു യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് വി.പി. നിഖില്‍ അധ്യക്ഷത വഹിച്ചു. കെ. നിശാഗ്, അഭിലാഷ കുരുന്തോടി, സി.എം. അഖില്‍ സംസാരിച്ചു.
















