കോഴിക്കോട്: നീതി ആയോഗിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച അടല്‍ ഇന്നോവേഷന്‍ മിഷന്‍ നടപ്പാക്കുന്ന അടല്‍ ടിങ്കറിങ് ലാബ് – എടിഎല്‍, കോഴിക്കോട്ടും. കോര്‍പ്പറേഷന്‍ പരിധിയില്‍ എടക്കാട് അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് ലാബ് തയ്യാറാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലാബ് അനുവദിച്ച സ്‌കൂളിനായി നല്‍കുന്നത്.
ഭാരതത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും രൂപാന്തരപ്പെടുത്തുന്നതിനുമുള്ള ആശയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വൈദഗ്‌ദ്ധ്യമാണ് ആറുമുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അടല്‍ ടിങ്കറിങ് ലാബുകളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നത്. ത്രീഡി പ്രിന്ററുകള്‍, റോബോട്ടിക്‌സ്, ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് ഉപകരണങ്ങള്‍, ഐഒടി, സെന്‍സറുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിര്‍മ്മാണവും പരിചയപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ലാബിലുണ്ട്. വ്യവസ്ഥാപിതമായ പാഠ്യപദ്ധതിക്കും പാഠപുസ്തകത്തിനുമപ്പുറം സൃഷ്ടിപരത, സര്‍ഗാത്മകത എന്നിവയ്‌ക്ക് പ്രചോദനമാകുന്ന തരത്തിലാണ് ലാബ് തയ്യാറാക്കിയിരിക്കുന്നത്. മാതൃകാ രൂപങ്ങള്‍, ഗണനം, അനുരൂപീകരണം, നിര്‍മ്മാണ പ്രവര്‍ത്തനം എന്നിവയില്‍ കഴിവു തെളിയിക്കുന്നതിന് ലാബ് സഹായിക്കും. രാജ്യത്ത് ദശലക്ഷം നൂതന ഗവേഷകരെ സൃഷ്ടിച്ചെടുക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണിത്.
കേരളത്തില്‍ 29 സ്‌കൂളുകളിലാണ് എടിഎല്‍ സ്ഥാപിക്കുന്നത്. എടിഎല്‍ സ്ഥാപിക്കാന്‍ യോഗ്യമെന്ന് ജില്ലയില്‍ കണ്ടെത്തിയ മൂന്നു സ്‌കൂളുകളില്‍ ഒന്നാണിത്. നാലു ഘട്ടങ്ങളിലൂടെ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ലാബ് സ്ഥാപിക്കുന്നതിന് യോഗ്യമായ സ്‌കൂളൂകളെ തെരഞ്ഞെടുത്തത്. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഞ്ജിത് പി. സോമന്‍, ഐമന്‍ മുഹമ്മദ് ഹനീഫ്, തസ്‌കിയ എന്നിവര്‍ നടത്തിയ അവതരണമാണ് സ്‌കൂളിനെ നേട്ടത്തിന് പ്രാപ്തമാക്കിയത്.
കമ്മ്യൂണിറ്റി ലാബായാണ് എടിഎല്‍ പ്രവര്‍ത്തിക്കുക. സ്‌കൂളിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് പ്രയോജനപ്പെടുത്താം. വൈജ്ഞാനിക ശാഖ, സ്റ്റീം ലാബ്, റോബോട്ടിക്‌സ് കിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തലത്തിലുള്ള സൗകര്യങ്ങളാണ് ലാബില്‍ ഒരുക്കിയിരിക്കുന്നത്. വ്യവസായികള്‍, അക്കാദമിക-ഗവേഷണ രംത്തെ വിദഗ്‌ദ്ധര്‍, പൊതുസമൂഹം എന്നിവരെ കൂട്ടിയോജിപ്പിച്ചുള്ള വിപുലമായ നെറ്റ്‌വര്‍ക്ക് സംവിധാനവും ലാബിന്റെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള ക്ലാസുകള്‍, മത്സരങ്ങള്‍, മേളകള്‍, മറ്റു വിദ്യാര്‍ത്ഥികള്‍, വിദഗ്‌ദ്ധര്‍ എന്നിവരുമായുള്ള ആശയ വിനിമയങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സ്ഥാപിച്ച അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം 31 ന് രാവിലെ 9.30ന് നടക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.എം. സഫിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.കെ. രാഘവന്‍ എംപി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ്, കൂട്ടില്‍ മുഹമ്മദ് അലി, പി.കെ. അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 30 ന് രാവിലെ 9.30ന് പുതിയങ്ങാടിയില്‍ നിന്നാരംഭിക്കുന്ന റോഡ്‌ഷോ ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഫഌഗ് ഓഫ് ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എടിഎല്‍ മെന്റര്‍ എ. മന്‍സൂര്‍, കെ.കെ. ഷംസുദ്ദീന്‍, എം. നുഫൈല്‍, എ.എം. അബൂബക്കര്‍, അഞ്ജിത്ത് പി. സോമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















