വിളപ്പില്‍: കാലം കരുതിവച്ച പൈതൃകത്തിലേക്ക് തിരിച്ചു നടക്കുകയാണ് വിളപ്പില്‍ശാല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറിവിന്റെ കേദാരഭൂമിയായിരുന്നു ഈ ഗ്രാമം. കൃത്യമായി പറഞ്ഞാല്‍ പതിമൂന്നാം നൂറ്റാണ്ടില്‍. വിദ്യയുടെ വിഹാരകേന്ദ്രം പില്‍ക്കാലത്ത് ഒരു കുടിപ്പളളിക്കുടത്തിലേക്ക് ചുരുങ്ങി. നൂറ്റാണ്ടുകള്‍ക്ക് ശേഷം നഗരമാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി വിളപ്പില്‍ശാല മാറി. അവിടെ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഗ്രാമത്തെയാണ് കാലം തിരിച്ചു നടത്തുന്നത്.
എഡി 1200 മുതല്‍ 1342 വരെ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു പമ്പ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം. ഈ കാലഘട്ടത്തില്‍ ഏഴ് സര്‍വകലാശാലകള്‍ ആയ് രാജ്യത്തുണ്ടായിരുന്നു. തിരുവല്ലശാല, കാന്തളളൂര്‍ശാല, കുന്നൂര്‍ശാല, പുലിയൂര്‍ശാല, തിരുനെല്ലൂര്‍ശാല, വിളപ്പില്‍ശാല, പാര്‍ഥിപപുരംശാല എന്നിവയായിരുന്നു അവ. ഒരോ പ്രദേശത്തെയും മഹാക്ഷേത്രങ്ങളാണ് അവിടുത്തെ സര്‍വകലാശാലകളുടെ ആസ്ഥാനം. വിളപ്പില്‍ ശ്രീകണ്ഠ ശാസ്താക്ഷേത്രം കേന്ദ്രീകരിച്ചാണ് വിളപ്പില്‍ശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് 1932 ല്‍ നടന്ന ശിലാലിഖിത പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ ഈഴ്‌ക്കോട് (ഇന്നത്തെ ഈഴക്കോട്ടുകോണം) ആയിരുന്നു അക്ഷരസദസ് നടന്നിരുന്നതെന്നും ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1342 നു ശേഷം തിരുവിതാംകൂറായി ആയ് രാജ്യം മാറിയതോടെ ശാലകള്‍ അന്യം നില്‍ക്കുകയും ക്ഷേത്രങ്ങള്‍ ബാക്കിയാകുകയും ചെയ്തുവെന്നത് ചരിത്രം.
എണ്ണിയാലൊടുങ്ങാത്ത വിദ്യാഭ്യാസസമുച്ചയങ്ങള്‍ അടുത്തിടെ വിളപ്പിലില്‍ ഇടം നേടിയതോടെയാണ് ഈ ചരിത്രശേഷിപ്പിലേക്ക് ഗ്രാമം തിരിച്ചു പോകുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി അമ്പതോളം സ്‌കൂളുകളാണ് ഇപ്പോള്‍ വിളപ്പില്‍ശാലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളത്. ആര്‍ക്കിടെക് കോളേജ്, രണ്ട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ എന്നിവയും ഈ വിദ്യാഗ്രാമത്തിന്റെ പെരുമ കൂട്ടുന്നു. പുതിയ സാങ്കേതിക സര്‍വകലാശാല ആസ്ഥാനവും വിളപ്പില്‍ശാലയെ തേടിയെത്തുന്നു. പോളിടെക്‌നിക്കും ഇവിടേക്ക് വരാനൊരുങ്ങുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹബ്ബായി മാറുകയാണ് വിളപ്പില്‍ശാല.
















