തിരുവനന്തപുരം: റെയില്‍വേ ജീവനക്കാരനെ ജാതിപ്പേര് വിളിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ദക്ഷിണറെയില്‍വേ കൊച്ചുവേളി മെക്കാനിക്കല്‍ ഡിപ്പോ ചീഫ് ആഫീസ് സൂപ്രണ്ടും പട്ടികജാതിക്കാരനും ഭിന്നശേഷിക്കാരനുമായ എസ്.എ. പ്രസാദിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ സി.സി. ജോയി, അഡീഷണല്‍ റെയില്‍വേമാനേജര്‍ എസ്.കെ. ജയിന്‍, മെക്കാനിക്കല്‍ ബ്രാഞ്ച് ജൂനിയര്‍ക്ലര്‍ക്ക് കെ. ഗണേഷ്‌കുമാര്‍ എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കി പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞമാസം 19 ന് പ്രസാദിനെ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. ഒന്നരവര്‍ഷക്കാലമായി ഔദ്യോഗികതലത്തില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു. കന്റോണ്‍മെന്റ് എസിക്കാണ് അന്വേഷണ ചുമതല.
















