നിലമ്പൂര്‍: പി.വി.അന്‍വര്‍ എംഎല്‍എ അനധികൃതമായി തടയണ നിര്‍മ്മിച്ച് വെള്ളം തടഞ്ഞു നിര്‍ത്തിയെന്ന് പരാതിയുള്ള സ്ഥലം പെരിന്തല്‍മണ്ണ ആര്‍ഡിഒ കെ.അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് സ്ഥലത്തിന് താഴെയുള്ള ആദിവാസികളുള്പ്പെടെയവുള്ളവര്ക്ക് കുടിവെള്ളം തടസപ്പെടുത്തിയെന്നാണ് പരാതിയിലാണ് അന്വേഷണം. ഇത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ ഭാഗമായാണ് സ്ഥലപരിശോധന നടത്തിയത്.
പരിശോധനക്ക് ശേഷം അധികം താമസിയാതെ റിപ്പോര്‍ട്ട് വിവിധ വകുപ്പുദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ച് ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് ആര്.ഡി.ഒ. പറഞ്ഞു.
വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന സ്ഥലത്തിന്റെ ചുറ്റും സംഘാംഗങ്ങള്‍ നടന്നു കണ്ടു.
സ്ഥലത്ത് നേരത്തെയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന കുളത്തില്‍ നിന്ന് വന്‍തോതില്‍ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഇവ കൂട്ടിയിട്ട് താഴേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ചെറിയ ഒരു വഴി വെള്ളം പോകാന്‍ ഒരുക്കിയിട്ടുണ്ട്. മുകളില്‍ നിന്ന് സംഭരണസ്ഥലത്തേക്ക് വെള്ളം ഒഴുകിവരുന്ന പ്രഭവസ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. വ്യവസായ ആവശ്യത്തിനു വേണ്ടി ഏതാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു. ഈ സമയത്താണ് പരാതിയുണ്ടായത്. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉണ്ണികൃഷ്ണന്, മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ സുലൈമാന്‍, എടവണ്ണ വനം റെയ്ഞ്ച് ഓഫിസര്‍ അബ്ദുല്‍ ലത്തിഫ്, ജിയോളജിസ്റ്റ് ഇബ്രാഹീം കുഞ്ഞ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് എ.ഇ.സജേഷ് തുടങ്ങിയവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: