മീഞ്ചന്ത: മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നവീകരണത്തിനായി 100 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നു. കിഫ്ബിയില്‍ അനുവദിച്ച തുകയിലുള്‍പ്പെടുത്തിയാണ് നവീകരണ പദ്ധതി തയ്യാറാക്കുന്നത്. കോളജില്‍ ഓഡിയോ- വിഷ്വല്‍ തിയേറ്ററും സജ്ജമാക്കും. ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന കോളജ് വികസന സമിതി യോഗത്തിലാണ് തീരുമാനം.
കോളജിനോടനുബന്ധിച്ചുള്ള ലേഡീസ് ഹോസ്റ്റലിലെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി സൗകര്യം ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. കോളജിന് മുന്നിലെ റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്ന കാര്യം റോഡ് സേഫ്റ്റി കൗണ്‍സിലില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. വി.കെ.സി. മമ്മദ് കോയ എംഎല്‍എ, സബ് കളക്ടര്‍ വി.വിഘ്‌നേശ്വരി, ഡോ.എം.കെ. മുനീര്‍ എംഎല്‍എയുടെ പി.എ. കാദിരിക്കോയ, മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ പി.എ. ശിവരാമകൃഷ്ണന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ടി.അജയ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
















