കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ ആറ് പാര്‍ക്കുകള്‍ നവീകരിക്കുന്നു. പാര്‍ക്കുകളുടെ നവീകരണം സംബന്ധിച്ച വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇത് അംഗീകാരത്തിനായി അമൃത് എസ്എല്‍ടിസിക്ക് അയക്കും. 3,61,53,997 രൂപയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടാണ് ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.
എരവത്ത്കുന്ന് വി.കെ. കൃഷ്ണമേനോന്‍ സ്മൃതിവനം നവീകരണത്തിന് 1,20,74,924 രൂപയും വെങ്ങാലി ജെട്ടിപാര്‍ക്കിന് 59 ലക്ഷം രൂപയും എസ്.കെ. പൊറ്റക്കാട് പാര്‍ക്കിന് 36 ലക്ഷം രൂപയും ഗരുഡന്‍കുളം പാര്‍ക്കിന് 51 ലക്ഷം രൂപയും തടമ്പാട്ടുതാഴം പാര്‍ക്കിന് 45 ലക്ഷവും ചെറുവണ്ണൂര്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് 48 ലക്ഷവും ഡിപിആര്‍ പ്രകാരം ആവശ്യമായി വരും.
വെങ്ങാലി ജെട്ടി പാര്‍ക്ക് കമ്മ്യൂണിറ്റി പാര്‍ക്കായും ഗരുഡന്‍കുളം പാര്‍ക്ക് അമര്‍ജവാന്‍ പാര്‍ക്കായും എസ്.കെ. പൊറ്റക്കാട് പാര്‍ക്ക് എസ്.കെ. പൊറ്റക്കാട് കള്‍ച്ചറല്‍ പാര്‍ക്കായും തടമ്പാട്ടുതാഴം പാര്‍ക്ക് നൈബര്‍ഹുഡ് പാര്‍ക്കായും മാറും. വിവിധ പാര്‍ക്കുകളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും വിശദമായ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. ലൈബ്രറി, നടപ്പാത, ഇരിപ്പിടങ്ങള്‍, വാച്ച് ടവര്‍, ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്, പ്രതിമകള്‍, യോഗ ഹാള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ തുടങ്ങിയവ വിവിധ പാര്‍ക്കുകളിലായി ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന നല്‍കിക്കൊണ്ടായിരിക്കും പാര്‍ക്കുകള്‍ നവീകരിക്കുക. എല്ലാ പാര്‍ക്കുകളും ഭിന്നശേഷി സൗഹൃദ പാര്‍ക്കുകളായിരിക്കും. സലീം ഗ്രൂപ്പാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആര്‍ക്കിടെക്റ്റ് കെ. സലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
















