മലയാള സിനിമയില്‍ വിജയങ്ങളുടെ വ്യാകരണങ്ങള്‍ തിരുത്തിക്കുറിച്ച ഐ.വി.ശശിക്ക് വിശേഷണങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഹിറ്റ് മേക്കര്‍, ആള്‍ക്കൂട്ടത്തിന്റെ സംവിധായകന്… അങ്ങനെ പോകുന്നു അലങ്കാരങ്ങളുടെ നാമങ്ങള്‍. കലയും കച്ചവടവും കൂട്ടിയിണക്കി പ്രേക്ഷകന്റെ വാസനാ ബലങ്ങളിലൂടെ സിനിമകളെ നൂറും നൂറ്റന്പതും ദിവസം വിജയം കൊണ്ടാടിയ ശശി പല തലമുറകളുടേയും ആസ്വാദനങ്ങളെ പരിപോഷിപ്പിച്ച സിനിമയിലെ പുതുതലമുറക്കാരന് കൂടിയാണ്.
കലാസംവിധായകനായി തുടങ്ങി ഛായാഗ്രാഹക സഹായിയായി ഉത്സവത്തിലൂടെ സംവിധായകനായി മാറിയ ഐ.വി.ശശി തുടര്‍ന്നു ചെയ്ത 150 ഓളം ചിത്രങ്ങളിലൂടേയും ഈ ഉത്സവം തന്നെയാണ് ആഘോഷിച്ചത്. പതിറ്റാണ്ടുകളോളം മലയാള സിനിമ മറ്റാരെക്കാളും കാഴ്ച്ചയുടേയും വളര്‍ച്ചയുടേയും നാഴികക്കല്ലുകള്‍ നാട്ടിയത് ശശിയുടെ സിനിമകളിലൂടെയാണ്. ശശിയുടെ ഭൂരിപക്ഷം സിനിമകളും വന്‍ ഹിറ്റായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ഇതര ഭാഷാചിത്രങ്ങളും ഇത്തരം വിജയങ്ങള്‍ കൊണ്ടാടി. പരാജയപ്പെട്ട ഒരു ശശി ചിത്രം പെട്ടെന്നു കണ്ടെത്താനാവില്ല.
പ്രമേയങ്ങളുടെ വ്യത്യസ്തതയും വികല സദാചാര ധാരണകളെ പൊളിച്ചടക്കിയും പച്ച മനുഷ്യന്റെ സ്നേഹവും പകയും രതിയും ഒറ്റപ്പെടലും രാഷ്ട്രീയവുമൊക്കെയായി സര്‍വതല സ്പര്ശിയായിരുന്നു ശശി സിനിമകള്‍. സദാചാര സൂത്രങ്ങളെ പൊളിച്ചെഴുതിയ അവളുടെ രാവുകള്‍, ഇണ, ഈറ്റ, വാടകയ്ക്കൊരു ഹൃദയം, പക ഉലയൂതിയ ഇതാ ഇവിടെ വരെ പ്രണയത്തിന്റെ പരാഗണമുള്ള നിരവധി ചിത്രങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ സ്വഭാവമുള്ള സിനിമകള്‍ എന്നിങ്ങനെ മലയാള സിനിയെക്കുറിച്ചുള്ള അനവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് ശശി ചിത്രങ്ങള്‍.
വലിയ ക്യാന്‍വാസായിരുന്നു ശശിയുടെ ചിത്രങ്ങള്‍. പ്രമേയംകൊണ്ടു മാത്രമല്ല ആള്ക്കൂട്ടങ്ങളെക്കൊണ്ടും തിരശീല നിറച്ചു അദ്ദേഹം. ശശിയുടെ ചിത്രത്തില്‍ അക്കാലത്തുള്ള നടീനടന്മാരെല്ലാം ഉണ്ടായിരിക്കും. ആള്‍ക്കൂട്ടങ്ങളെക്കൊണ്ട് മലയാളത്തില്‍ സിനിമ ചെയ്യാന്‍ ആദ്യം ധൈര്യം കാട്ടിയ എന്നല്ല ഇതില്‍ പകരക്കാരന്പോലും ഇല്ലാത്ത ഒരാളായിരുന്നു ഈ സംവിധായകന്. പിന്നീട് അതിനു മുതിര്‍ന്നത് ജോഷിയായിരുന്നു.
പല നടീനടന്മാരെകൊണ്ടുവന്നതും നിലനിര്‍ത്തിയതും സൂപ്പര്‍ താരങ്ങളും മെഗാസ്റ്റാറുകളുമാക്കിയതും ശശിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ്, സോമന്, ജയന്, സുകുമാരന്‍, രാഘവന്, വിന്‍സന്റ്, സീമ, സ്വപ്ന തുടങ്ങി ആ നിര ഇനിയും നീളും. മമ്മൂട്ടിയുടെ ഭാവാഭിനയ പകര്‍ച്ച ഐ.വി.ശശിയുടെ തൃഷ്ണയിലൂടെയാണ് പ്രേക്ഷകന് തിരിച്ചറിഞ്ഞത്. മോഹന്‍ലാലിനെ ഉയരങ്ങളില്‍ എത്തിച്ചത് ശശിയുടെ തന്നെ ഉയരങ്ങളായിരുന്നു. രണ്ടിന്റേയും തിരക്കഥ എം.ടിയുടേതാണ്. പത്മരാജന്, ടി.ദാമോദരന്‍, ജോണ്‍പോള്‍ തുടങ്ങി തലയെടുപ്പുള്ള തിരക്കഥാകൃത്തുക്കളുടെ രചനകള്‍ അതിന്റെ ജീവന് നിലനിര്‍ത്തി തന്നെ സംവിധാനം ചെയ്തു.
ആദ്യകാലത്ത് ഷെറീഫ്-ശശി കൂട്ടുകെട്ടിലൂടെ ഇറങ്ങിയ സിനിമകള്‍ അക്കാലത്തുമാത്രമല്ല ഇന്നത്തേയും ന്യൂജന്‍ ചിത്രങ്ങളാണ്. വിജയ ചരിത്രമെഴുതിയ ഷെറീഫിന്റെ തിരക്കഥയായ അവളുടെ രാവുകള്‍ ഉദാഹരണം. പിന്നീട് ആ കൂട്ടുകെട്ട് നിരവധി ചിത്രങ്ങള്‍ ചെയ്തു. ആലിംഗനം, അംഗീകാരം, അഭിനന്ദനം തുടങ്ങിയവ. ഇവയിലധികവും ‘അ’യില്‍ തുടങ്ങിയ ചിത്രങ്ങളാണ്. അക്ഷരങ്ങളില്‍ ‘അ’യോട് കൂടുതല്‍ തല്പ്പരനായിരുന്നു അദ്ദേഹം.
മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ ശക്തനായ വക്താവായിരുന്നു. സമകാലീന രാഷ്ട്രീയ സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയായിരുന്നു. ഇടതു വലതുനോക്കാതെ വിഷയങ്ങളെ കൈകാര്യം ചെയ്തു. സമൂഹത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ അടുത്ത ശശി ചിത്രത്തില്‍ അതിന്റെ പ്രതിഫലനം കാണുമെന്ന് ഉറപ്പായിരുന്നു.
താരങ്ങളുടെ പോസ്റ്റര്‍ കണ്ട് സിനിമയ്ക്കുപോയിരുന്ന പ്രേക്ഷകനെ സംവിധായകന്റെ പേരില്‍ തിയറ്ററിലേക്ക് ആനയിക്കുന്ന ആകര്‍ഷണമായിരുന്നു ഐ.വി.ശശി എന്ന പേര്. കാണികള്‍ ഇരച്ചുകേറുന്ന ആവാഹന മന്ത്രത്തിന്റെ പേരായിരുന്നു ആ രണ്ടക്ഷരം. സൂപ്പര്‍ താരങ്ങളെക്കാള്‍ വിലയുള്ള പേര്. സ്വന്തംപേരില്‍ ആളെകേറ്റാന്‍ ഉള്ളുറപ്പുള്ള സംവിധായകനൊന്നും മലയാളത്തില്‍ ഇന്നില്ല. ഇതിഹാസ സംവിധായകനായ ശശിയുടെ ഓര്‍മകള്‍ മിഴാവിന്റെ മുഴക്കമാകുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ശബ്ദംകൊണ്ടും കാഴ്ചകൊണ്ടും സ്പര്‍ശിച്ചുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: