പന്തളം: പന്തളം നഗരസഭാ ബസ്സ്റ്റാന്‍ഡിലെ ഇടിഞ്ഞു വീഴാറായ കാത്തിരിപ്പുകേന്ദ്രം കെട്ടിയടച്ചിട്ട് 6 മാസം കഴിഞ്ഞിട്ടും പകരം സംവിധാനമൊരുക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ യാത്രക്കാര്‍ ജീവന് പണയംവെച്ച് ഇതിനു കീഴില്ത്തെന്നയാണ് കയറി നില്‍ക്കുന്നത്.
മുപ്പതു വര്‍ഷം മുമ്പ് പന്തളം പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി പണിത കമ്മ്യൂണിറ്റി സെന്ററിനു താഴെയാണ് നിലവില്‍ നഗരസഭയുടെ ബസ് കാത്തിരിപ്പുകേന്ദ്രം. ഇതിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് പലയിടത്തും തുരുമ്പെടുത്ത കമ്പി തെളിഞ്ഞു നില്ക്കുന്നു.
ഇതിനു കീഴിലാണ് യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനായി കസേരകള്‍ ഒരുക്കിയിരുന്നത്. ഇവിടെത്തന്നെ നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പു മുതല്‍ നിരവധി തവണ ബസ് കാത്തു നിന്നവരുടെമേല് കോണ്‍ക്രീറ്റ് അടര്‍ന്നു വീണിരുന്നു. ഇതോടെയാണ് ഇതു പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പഞ്ചായത്ത് നഗരസഭയായപ്പോഴും ഇതു പൊളിച്ചു നീക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച്, വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിലായതിനാല്‍ പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന് നഗരസഭ മുന്നറിയിപ്പു ബോര്‍ഡും സ്ഥാപിച്ചു. ഈ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും കസേരകള്‍ മാറ്റുകയോ കെട്ടിഅടയ്ക്കുകയോ ചെയ്യാതിരുന്നതിനാല്‍ മുന്നറിയിപ്പു ബോര്‍ഡിനു പിന്നില്‍ത്തന്നെ കസേരകളിലാണ് യാത്രക്കാര്‍ ബസ് കാത്തിരുന്നത്.
ഇതു കാരണം നഗരസഭ ഇത് കെട്ടിയടയ്ക്കുകയും ഉടന്‍തന്നെ താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും അതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. അകത്തേക്കു പ്രവേശനം നിഷേധിച്ചെങ്കിലും കെട്ടിയടച്ച ഭിത്തിയോടു ചേര്‍ന്നുതന്നെയാണ് അപകട സാധ്യത വകവെയ്ക്കാതെ യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്.
ഒരു വര്‍ഷം മുമ്പ് പഞ്ചായത്തായിരുന്നപ്പോള്ത്തന്നെ പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്)ക്ക് കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതി തേടിക്കൊണ്ട് ഭരണസമിതി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും അനുമതി നല്‍കിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല.
എങ്കിലും ഇതു പൊളിച്ചു നീക്കുന്നതിനായി നഗരസഭ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. ചീഫ് എന്‍ജിനീയറുടെ അനുമതി ലഭിച്ചാലുടന്‍തന്നെ ഇതു പൊളിച്ചു നീക്കാനുള്ള നടപടികളാരംഭിക്കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
ഇതു പൊളിച്ചു നീക്കുന്നതു വരെ കാത്തിരിക്കാതെ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് താല്‍ക്കാലികമായി കാത്തിരിപ്പു കേന്ദ്രം ഒരുക്കുവാനുള്ള നടപടികളും വേണമെന്നാണ് ആവശ്യം ഉയരുന്നത്. കമ്മ്യൂണിറ്റി സെന്ററിലെ ഓഡിറ്റോറിയം ഉദ്ഘാടനത്തിനുശേഷം ഒന്നോ രണ്ടോ പ്രാവശ്യമാണ് ഉപയോഗിച്ചിട്ടുള്ളത്. അശാസ്ത്രീയമായ നിര്‍മ്മാണം കാരണം ശബ്ദത്തിന്റെ പ്രതിധ്വനിയാണ് ഇത് ഉപയോഗശൂന്യമാക്കിയത്. ഇതിന്റെ പിഴവുകള്‍ പരിഹരിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും നടപടി ആയില്ല.
പിന്നീട് ഇതില്‍ പഞ്ചായത്തധികൃതര്‍ പലവിധ സാധനങ്ങളും കൊണ്ടിടാന്‍ തുടങ്ങി. അറ്റകുറ്റപ്പണികള്‍ ചെയ്യാതായതോടെ കെട്ടിടത്തിന്റെ ഭിത്തിയില്‍ ആല്മരങ്ങള് മുളച്ചു തുടങ്ങി.
തുടക്കത്തില്‍ത്തന്നെ ഇവ നീക്കം ചെയ്യാതിരുന്നതിനാല്‍ ആല്മരങ്ങള് വളര്‍ന്ന് ഭിത്തികള്‍ വിണ്ടുകീറുകയും ചെയ്തു. ഇതോടൊപ്പംതന്നെ കോണ്‍ക്രീറ്റും അടര്‍ന്നുവീഴാന്‍ തുടങ്ങിയതോടെയാണ് കെട്ടിടം അപകടാവസ്ഥയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: