‘ചിതലരിച്ചു തുടങ്ങിയ ഇന്നലെകളില്‍
അതിജീവിനത്തിന്റെ സാക്ഷ്യവും
സംവേദനത്തിന്റെ മാര്‍ഗവും
ആയിരുന്നെന്റെ കവിത…..’
യുവ കവയിത്രി പിങ്കി ശ്രീകാന്തിന്റെ ‘എന്റെ കവിത’ എന്ന കവിതയിലെ വരികളാണിത്. മാന്നാര്‍ കോയിക്കമുക്ക് പള്ളിയറക്കാവില്‍ ശ്രീവിലാസം വീട്ടില്‍ ശ്രീകാന്തിന്റെ ഭാര്യ പിങ്കി ശ്രീകാന്ത്, കവിതാരചനയില്‍ പുരസ്കാരങ്ങള്‍ നേടി കവിതയുടെ ലോകത്തേക്ക് ചുവടുറപ്പിക്കുന്നു.
താമരക്കുളം വിവിഎച്ച്എസിലെ സംസ്കൃത അദ്ധ്യാപികയായ പിങ്കിയുടെ ‘നോവ്’ എന്ന കവിതയ്ക്ക് 2016 ലെ പുരോഗമന കലാസാഹിത്യ വേദിയുടെ പുരസ്കാരവും 2017ല്‍ ‘യാത്രാമൊഴി’ എന്ന കവിതയ്ക്ക് കണ്ണശസ്മാരക പുരസ്കാരവും ലഭിച്ചു.
ന്യൂദല്‍ഹിയിലെ നിര്‍ഭയ സംഭവം നോവ് എന്ന കവിതയിലൂടെയും ഒഡീസയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നു കൊണ്ടു പോയ ഭര്‍ത്താവിന്റെ ദുരന്തകഥ യാത്രാമൊഴിയിലൂടെയും അവതരിപ്പിച്ചു.
ഉമ്മറത്തിണ്ണയ്ക്കുമപ്പുറം, നോവ്, യാത്രമൊഴി എന്നീ കവിതകള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു. ഒരു ചലച്ചിത്ര ഗാനവും എഴുതി. അത് റിക്കാര്ഡിംഗിലാണ്. ഈ വര്‍ഷത്തെ നവരാത്രി ദിനത്തില്‍ കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സാന്നിധ്യത്തില്‍ സ്വന്തം കവിത ആലപിക്കാന്‍ കിട്ടിയ അവസരം വലിയ അംഗീകാരമായി പിങ്കി കരുതുന്നു.
പിങ്കിയുടെ ‘എന്റെ കവിത’ കുമാരനാശാന് സാഹിത്യവേദി പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തു. പിങ്കിയുടെ കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്് തൃശൂരിലുള്ള ഒരു സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനം രംഗത്തെത്തി.
‘മനുഷ്യമനസ്സിലെ കാല്പനിക ഭാവങ്ങള്‍ കവിതയിലൂടെ ആവിഷ്കരിക്കുമ്പോഴാണ് കവിത അതിന്റെ പൂര്‍ണതയില്‍ എത്തുന്നത്, ആയുധിക സംഭവങ്ങള്‍ ക്രോഡീകരിക്കുമ്പോള്‍ അത് കവിതകളായി മാറുന്നു’ പിങ്കി പറഞ്ഞു. എഴുതുന്ന കവിതകള്‍ക്ക് സ്വന്തമായി ഈണം നല്കി ആലപിക്കുന്നതാണ് പിങ്കിയുടെ ഇഷ്ടം. കവിതകള്‍ ധാരാളം വായിക്കാറുള്ള പിങ്കിക്ക് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളോടാണ് ഏറെ താല്പര്യം.
കുന്നത്തൂര്‍ യുപിഎസ്, കൂട്ടമ്പേരൂര്‍ എസ്കെവിഎച്ച്എസ്എസ്, മാന്നാര്‍ നായര്‍ സാമാജം എച്ച്എസ്എസ്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംജി യൂണിവേഴ്സിറ്റിയുടെ തൃപ്പുണിത്തുറ സെന്ററില്‍ നിന്ന് ബിഎഡ് പൂര്‍ത്തിയാക്കി.
വായനയില്‍ താല്പര്യമുണ്ടായിരുന്ന പിങ്കി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പഠന കാലത്ത് കവിതാരചനയില്‍ ചുവടുറപ്പിച്ചു. ഇതിന് സഹായമായത് സര്‍വകലാശാല ല്രൈബറി പുസ്തകങ്ങളാണ്. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ എഴുതി സൂക്ഷിച്ച് പിന്നീട് കവിതകളാക്കി മാറ്റുകയാണ് പിങ്കിയുടെ ശൈലി.
ഇങ്ങനെ തയ്യാറാക്കിയ കവിതകള്‍ പഠനകാലത്തും അതിനു ശേഷവും പല വേദികളില്‍ പിങ്കി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഉമ്മറത്തിണ്ണയ്ക്കുമപ്പുറം’ മുല്ലപൂവിനെക്കുറിച്ചുള്ള കവിതയാണ്. തുലഞ്ഞത്, പുഴ, ആയുസ് തിന്നുന്ന വേരുകള്‍, മഴമാറുമ്പോള്‍ തുടങ്ങിയവ പിങ്കിയുടെ ശ്രദ്ധേയകവിതകളാണ്. കവിത രചനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കി കുടുംബാംഗങ്ങള്‍ ഒപ്പമുണ്ട്. മകള്‍: അരുന്ധതി
സമൂഹത്തിലെ ഓരോ ചലനങ്ങളിലും കവിതയെ തിരയുന്ന പിങ്കിയുടെ ‘എന്റെ കവിത’ അവസാനിക്കുന്നത് ഇങ്ങനെ,
ഓരോ ഇറ്റുനോവ് തന്ന് എന്നില്‍ നിന്നും പിറക്കുന്നു…
ഒന്നിലധികം വൈകല്യങ്ങളുമായി
ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ കവിതേ..
ഞാന്‍ തിരയുകയാണ്….
അടുക്കളയിലെ വേവലുകള്ക്ക് ഇടയില്‍
കിടപ്പറയിലെ പരിഭവങ്ങള്ക്കിടയില്…
പുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍,
തിരക്കുപിടിച്ച നിരത്തുകളില്‍.. കാരണം
നീ എന്റേതല്ലേ…
നീ ഇല്ലാതെ ഞാനില്ലല്ലോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: