പേരൂര്‍ക്കട: അപകടാവസ്ഥയിലായിരുന്ന സ്ലാബ് പുനസ്ഥാപിക്കാത്തതിനാല്‍ ശക്തമായ മഴയില്‍ ഒലിച്ചിറങ്ങി സമീപത്തെ തോട്ടില്‍ പതിച്ചു. മുട്ടട ടി.കെ.ദിവാകരന്‍ റോഡ്-മരപ്പാലം റോഡില്‍ സ്ഥാപിച്ചിരുന്ന സ്ലാബാണ് കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ ഒലിച്ചുപോയത്. മാസങ്ങളായി സ്ലാബ് അപകടാവസ്ഥയിലായിരുന്നു. സമീപത്തെ ചാലില്‍നിന്ന് ശക്തമായ വെള്ളം ഒഴുകി സ്ലാബിന്റെ അടിഭാഗം ഇളകി പൊള്ളയായ അവസ്ഥയിലായിരുന്നു. അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണു നാട്ടുകാരുടെ പരാതി. മഴ ശക്തിപ്രാപിച്ചതോടെ സ്ലാബ് ഒഴുകി സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. റോഡിലൂടെയുള്ള ഗതാഗതവും കാല്‍നടയാത്രയും ഇതോടെ പൂര്‍ണ്ണമായി നിലച്ചു. സ്ലാബ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല.
















