പത്തനംതിട്ട: കൊടുമണ്‍ കേന്ദ്രമാക്കി ഫയര്‍ സ്റ്റേഷന് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടു നാളുകള്‍ ആയെങ്കിലും അധികൃതര്‍ അവഗണിക്കുന്നു. റബ്ബര്‍ പ്ലാന്റേഷന് മേഘലയായ ഇവിടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സംവിധാനങ്ങളില്ലാത്ത അവസ്ഥയാണ്.
വേനല്‍ക്കാലത്ത് പ്രദേശങ്ങളില്‍ നിരന്തരം തീപിടിത്തമുണ്ടാകാറുണ്ട്. മുഖ്യമായും റബ്ബര്‍തോട്ടങ്ങളിലാണ് അഗ്നിബാധ ഉണ്ടാകാറ്. തീപിടിത്തമുണ്ടായാല്‍ ജില്ലാ ആസ്ഥാനത്തു നിന്നോ അടൂരില്‍ നിന്നോ അഗ്നിശമന സേനയെത്തണം. ഇവരെ കാത്തിരിക്കുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണച്ചിരിക്കും.
എന്നാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ധാരാളം പരിമിതികളാണ് ഉള്ളതും. തീയണയ്ക്കാനുള്ള സാധനസാമഗ്രികളില്ലാത്തതാണ് പ്രധാന പ്രശ്നം. പ്ലാന്റേഷന് മേഖലയില്‍ തീപിടിക്കാനുള്ള സാഹചര്യം കൂടുതലാണ്.
നാട്ടിന്‍പുറങ്ങളെ കൂടാതെ പ്ലാന്റേഷന് മേഖലകളില്‍ തീപിടിക്കുമ്പോഴാണു പ്രദേശവാസികളും തൊഴിലാളികളും കൂടുതല്‍ ഭയക്കുന്നത്. ഫയര്‍ലൈന്‍ തെളിച്ചും തീപിടിത്തമുണ്ടാകും സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് വേനല്‍ക്കാലത്ത് തൊഴിലാളികളും പ്ലാന്റേഷന് അധികൃതരും തീയില്‍ നിന്നു സംരക്ഷണം നേടുന്നത്. ഇതു കൂടാതെ പ്ലാന്റേഷന് ഫാക്ടറിയിലും ഏതു സമയത്തും തീപിടിക്കാവുന്ന സാഹചര്യമാണുള്ളത്.
ആധുനിക രീതിയിലുള്ള യന്ത്രങ്ങള്‍ ആണെങ്കില്‍ പോലും അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വിശാലമായ മേഖലയായതിനാല്‍ ഇവിടങ്ങളില്‍ അപകടം ഉണ്ടായാല്‍ അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമനസേനാ പ്രവര്ത്തകരെത്തുന്നതു കാലതാമസം നേരിടാന്‍ കാരണമാകുന്നു.
കൊടുമണ്ണില്‍ ഫയര്സ്റ്റേഷന് ആരംഭിക്കുന്നതോടെ വള്ളിക്കോട്, പന്തളം തെക്കേക്കര, കൊടുമണ്‍, ഏഴംകുളം തുടങ്ങിയ സ്ഥലങ്ങളിലെ അടിയന്തിര സാഹചര്യങ്ങളും കൈകാര്യം ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: