മലപ്പുറം: ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡെസ്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇക്കണോമിക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കുകള്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഇവിടങ്ങളില്‍ വ്യാപാരികളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിക്ക് അവസരമൊരുക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും സംരംഭകരുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഐസിയുടെ സഹായത്തോടെ അക്കൗണ്ടിങ് സോഫ്റ്റ്വെയര് പാക്കേജ് തയ്യാറാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇത് വ്യാപാരികള്‍ക്ക് സൗജന്യമായി വിതരണംചെയ്യും. മൂന്നുമാസത്തിനകം തയ്യാറാക്കാനാകുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങും. ബില്‍ എഴുതുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി റിട്ടേണും നല്കുന്ന സംവിധാനമായിരിക്കും ഇതിലുണ്ടാവുക മന്ത്രി പറഞ്ഞു.
ഇക്കണോമിക്സ് സമ്മിറ്റ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്, പി.ഉബൈദുള്ള എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ധനമന്ത്രിയുമായി കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭകര്‍ സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: