പത്തനംതിട്ട: ജനറല്‍ ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിന് ആറന്മുള എന്‍ജിനീയറിംഗ് കോളേജ് പ്രതിഫലമായി ചോദിച്ചത് രണ്ടര ലക്ഷം രൂപ. ഇതു ഭീമമായ തുകയാണെന്ന് ആശുപത്രി മാനേജിങ് കമ്മറ്റി യോഗം വിലയിരുത്തി. കോളേജ് സൗജന്യമായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സര്‍വ്വേ, യാത്രാ ചെലവുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. തുക കുറയ്ക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഫാര്‍മസിയില്‍ നാലു പേരുടെ ഒഴിവുകള്‍ അടുത്തയാഴ്ച നികത്തുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതായും എംഎല്‍എ പറഞ്ഞു. ഫംഗസ് ബാധയുണ്ടായതിനാല്‍ നാലു മാസമായി അടച്ചിട്ടിരിക്കുന്ന നേത്രവിഭാഗം ഓപ്പറേഷന് തീയറ്ററിന്റെ അറ്റകുറ്റപ്പണി 1.10ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിതി കേന്ദ്ര അടുത്തയാഴ്ച നടത്തും. ആശുപത്രിയില്‍ ഫാര്‍മസി കെട്ടിടത്തിനു പിന്നിലെ നാല് ടോയ്ലറ്റുകള് പൊതുജനങ്ങള്‍ക്ക് പണം കൊടുത്ത് ഉപയോഗിക്കുന്ന തരത്തിലാക്കും. ടോയ്ലറ്റുകള് വൃത്തിഹീനമായി കിടക്കുന്നത് പരിഹരിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് വൃത്തിയായി സൂക്ഷിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ.ആര്.ശ്രീലത, ഡെപ്യൂട്ടി സൂപ്രണ്ട്, ഡോ. സാജന് മാത്യു, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: