പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡ് നവംബര്‍ പതിനാലോടെ സജ്ജമാക്കാന്‍ ഇന്നലെ നടന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. വാര്‍ഡിലേക്കു മാത്രമായി ഓര്‍ത്തോ, അനസ്ത്യേഷ്യ, മെഡിസിന് സര്‍ജറി, അസി. സര്ജന്, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 24മണിക്കൂര്‍ സേവനം ലഭ്യമാക്കും. 18 കിടക്കകളോടു കൂടിയ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ആംബുലന്‍സുകളും ഉണ്ടായിരിക്കും. ശബരിമല വാര്‍ഡിന്റെ ഇടനാഴിയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ഫാര്‍മസി അറ്റകുറ്റപ്പണി പൂര്‍ത്തിയായ സ്വന്തം കെട്ടിടത്തിലേക്ക് ഇന്നു മാറ്റും. കെട്ടിടം ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് ഷീറ്റു കൊണ്ട് മേല്‍ക്കൂര മേയുന്നത് കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. വൈദ്യുതീകരണ ജോലികള്‍ ഇന്നലെ തീര്‍ന്നു.
ജനറല്‍ ആശുപത്രിയില്‍ മുന്‍ഗണനേതര വിഭാഗത്തിന് (എപിഎല്‍)വിഭാഗത്തിന് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്താനും കമ്മറ്റി തീരുമാനിച്ചു. അടുത്തമാസം അവസാന ആഴ്ചയില്‍ ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തും. 500രൂപ നിരക്ക് ഈടാക്കും. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പൂര്‍ണമായി സൗജന്യമുളള മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും തുടര്‍ന്ന് വൈകിട്ട് അഞ്ചു വരെ സൗജന്യ നിരക്കില്‍ മറ്റുളളവര്‍ക്കുമായി നിലവിലെ ഡയാലിസിസ് യൂണിറ്റ് ക്രമീകരിക്കും. ഉച്ചയ്ക്കു ശേഷമുളള ഷിഫ്റ്റിലേക്ക് ഡയാലിസിസില്‍ പരിചയമുളള മൂന്നു നഴ്സുമാരെയും രണ്ട് ടെക്നീഷ്യന്മാരെയും നിയമിക്കും. ആശുപത്രി മാനേജിംഗ് കമ്മറ്റി ഇവര്‍ക്ക് വേതനം നല്‍കും. നടപടിക്രമങ്ങളും അഭിമുഖവും ഒരുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കും. സൗജന്യ നിരക്കില്‍ ഡയാലിസിസ് തുടങ്ങുന്നത് ആശുപത്രിയ്ക്ക് വരുമാനമാകുമെന്ന് യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: