തിരുവല്ല: സംസ്ഥാന പാതയുടെ ഇരു വശവുമുള്ള റോഡ് വക്കുകള്‍ വാഹന യാത്രികര്‍ക്ക് ചതിക്കുഴികളാകുന്നു. തിരുവല്ല മാവേലിക്കര പാതയുടെ ഇരുവശങ്ങളുമാണ് വാഹനയാത്രികര്‍ക്ക് കെണിയാകുന്നത്. റോഡ് നിരപ്പിനൊപ്പം കാല്‍നട യാത്രയ്ക്കായുള്ള ഭാഗം മണ്ണിട്ട് ഉയര്‍ത്താത്തതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. റോഡ് നിരപ്പില്‍ നിന്നും അപകടകരമായ തരത്തില്‍ ഒരടിയോളം താഴ്ചയിലാണ് നടപ്പാത സ്ഥിതി ചെയ്യുന്നത്.
ഇതാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ചെറുകാറുകള്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കുമാണ് ഈ ഗര്‍ത്തങ്ങള്‍ ഏറെ ഭീഷണിയാകുന്നത്. മറ്റ് വാഹനങ്ങളെ മറികടന്ന് അമിതവേഗതയില്‍ വരുന്ന ടിപ്പറുകളുടെയും ബസുകളുടെയും മുന്നില്‍ നിന്ന് രക്ഷനേടാന്‍ റോഡരികിലേക്ക് മാറ്റുന്ന ഇരുചക്രവാഹനങ്ങള്‍ പലതും ഈ കുഴികളില്‍ വീണ് അപകടത്തില്‍ പെടുന്നുണ്ട്. ഇരുചക വാഹന യാത്രികരായ സ്ത്രീകളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. കാവുംഭാഗം മുതല്‍ ചെന്നിത്തല വരെയുള്ള ഭാഗത്താണ് നടപ്പാത ഏറെ താഴ്ന്ന് കിടക്കുന്നത്. പത്ത് വര്‍ഷം മുമ്പ് കെ എസ് ടി പി യാ ണ് റോഡിന്റെ ടാറിംഗ് നടത്തിയത്. റോഡിന് ഇരുവശവും മണ്ണിട്ട് ഉയര്‍ത്തുന്നതടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ടാറിംഗ് മാത്രം പൂര്‍ത്തിയാക്കി കരാര്‍ കമ്പനി ബില്ല് മാറിയെടുക്കുകയായിരുന്നു. ഈ ഒത്തുകളിക്ക് പിന്നില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു. നടപ്പാതയുടെ താഴ്ച മൂലമുള്ള അപകടങ്ങള്‍ പതിവായിട്ടും പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ എസ് ടി പി യോ പൊതുമരാമത്ത് വകുപ്പോ ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: