പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്കിയ പട്ടയങ്ങള്‍ റദ്ദാക്കിയ സംഭവം ഇരുമുന്നണികള്‍ക്കും ബാധ്യതയാകുന്നു.
റവന്യുമന്ത്രി ആയിരുന്ന അടൂര്‍ പ്രകാശിനെ രാഷ്ട്രീയമായി ഒതുക്കാന്‍ ഒരുമാര്ഗ്ഗമായി പിണറായി സര്‍ക്കാരും കോണ്‍ഗ്രസിലെ എതിരാളികളും ഇതിനെ വിനിയോഗിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പട്ടയം കൈവിട്ടു പോകുന്നത് ഒരു വലിയവിഭാഗം ജനങ്ങളെയാണ് സര്ക്കാരിനെതിരാക്കുന്നത്.
ഈവിഷയത്തില്‍ അടൂര്‍പ്രകാശിനെ ഒറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരായും കുടിയേറ്റ കര്‍ഷകര്‍ പ്രതികരിക്കുന്നു. വന്യമൃഗങ്ങളോടു മല്ലടിച്ച് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് മണ്ണിനോടു പടപൊരുതി ജീവിതം കരുപ്പിടിപ്പിച്ചിരുന്ന മലയോരവാസികളാണ് ഇന്ന് ആശങ്കയിലായിരിക്കുന്നത്. അറുപതും എഴുപതും വര്‍ഷമായി കൈവശം വച്ച് അനുഭവിച്ചുപോന്ന ഭൂമിക്കു പട്ടയം ലഭിക്കുന്നതിനുവേണ്ടി നടത്തിയ പ്രയത്നങ്ങള്‍ ഏറെയാണ്. എന്നാലിപ്പോള്‍ ലഭിച്ച പട്ടയം പോലും റദ്ദാക്കുന്ന നടപടിയുണ്ടായത് ആളുകളുടെ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
1970നു മുന്‍പു മുതല്‍ കൃഷി ചെയ്ത് ആദായമെടുത്തു താമസിച്ചിരുന്ന ഭൂമിക്കു പട്ടയം നേടിയെടുക്കാനായി നിവേദനങ്ങളും പരാതികളുമായി ഇവര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടു 40 വര്‍ഷത്തോളമായി. ഒടുവില്‍ കുറേപ്പേര്‍ക്കെങ്കിലും ലഭിച്ച പട്ടയവും പട്ടയത്തിനായി നല്കിയ അപേക്ഷകളും ഉള്‍പ്പെടെ റദ്ദാക്കുകയും ചെയ്തതാണ് കുടിയേറ്റ കര്‍ഷകരെ ആശങ്കയിലാക്കിയത്. കോന്നി താലൂക്കിലെ വിവിധ വില്ലേജുകളിലായി അനുവദിച്ച 1843 പട്ടയങ്ങളാണ് കഴിഞ്ഞ മാസം തഹസില്‍ദാര്‍ റദ്ദ് ചെയ്തത്.
ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലെ ഫുഡ് പ്രൊഡക്ഷന്‍ ഏരിയയില്‍ വീടുവച്ചു താമസിക്കുന്ന 4126 കൈവശക്കാര്‍ക്ക് പട്ടയം നല്കാന് 2016 ഫെബ്രുവരി 27നാണ് ഉത്തരവിറങ്ങുന്നത്. 28ന് ചിറ്റാറില്‍ നടത്തിയ പട്ടയമേളയില്‍ വിതരണം ചെയ്യുന്നതിനായി 1843 പട്ടയങ്ങള്‍ തയാറാക്കുകയും ഇതില്‍ 40 എണ്ണം വിതരണം ചെയ്യുകയുമായിരുന്നു.
കോന്നിയില്‍ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കി പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ബിജെപി. അര്‍ഹരായ എല്ലാവര്ക്കും പട്ടയം നല്‍കണമെന്നതാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: