ലോകത്ത് എവിടേയും എപ്പോഴും കൂടുതല്‍ പഴികേള്‍ക്കുന്ന വര്‍ഗം പോലീസാണ്.എന്ത് ക്രമസമാധാന പ്രശ്നമുണ്ടായാലും മുമ്പും പിമ്പും നോക്കാതെ ആദ്യം കുറ്റംപറയുന്നതു പോലീസിനെ ആയിരിക്കും. എന്തുവന്നാലും വീട്ടിലെ കോഴിക്കും പൂച്ചയ്ക്കും കിടക്കപ്പൊറുതിയില്ലെന്നു പറയുംപോലെയാണ് പോലീസിന്റെ കാര്യം. എന്നാല്‍ ഒരുദിവസം പോലീസ് പണിമുടക്കിയാല്‍ എന്തായിരിക്കും നാട്ടിലെ സ്ഥിതി. ഓര്‍ക്കാന്‍ വയ്യ. അങ്ങനെയൊരു ദുസ്ഥിതി നാളുകള്‍ക്കു മുന്‍പ് ബ്രസീലില്‍ ഉണ്ടായി. രണ്ടു ദിവസം പോലീസ് പണിമുടക്കിയപ്പോള്‍ അക്രമികള്‍ അഴിഞ്ഞാടിയത് സര്‍ക്കാരിനെ ഭയപ്പെടുത്തി. കൊള്ളയും കൊലയും പിടിച്ചുപറിയും ബലാല്‍സംഘവുമായി നാട് കുട്ടിച്ചോറാകുകയായിരുന്നു. അതെ,പോലീസ് ജനത്തിന്റെ കാവല്‍ക്കാരാണ്. ഇന്ന് പോലീസ് സ്മൃതി ദിനം. കൃത്യ നിര്‍വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന പോലീസ് സേനാംഗങ്ങളെ പ്രത്യേകം ഓര്‍ക്കുന്ന ദിവസം.
പോലീസിന്റെ കുറ്റങ്ങളും കുറവുകളും അറിഞ്ഞുകൊണ്ടുതന്നെ ആ യൂണിഫോമിനെ ആദരിക്കുന്നതോടൊപ്പം പൊതുജനം ഭയപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഭയപ്പാട് നല്ലതല്ലെങ്കിലും പോലീസ് സേന രൂപംകൊണ്ട നാളുമുതല്‍ ഭയം പാരമ്പര്യമായി നിലവിലുണ്ട്. യൂണിഫോമിട്ടാല്‍ പോലീസ് മനുഷ്യേതരമായ ഏതോ വര്‍ഗമായി മാറും എന്നുള്ള പൊതുധാരണ പോലീസും പൊതുജനവും തമ്മിലുള്ള അടുപ്പമില്ലായ്മയില് നിന്നും ഉണ്ടായിട്ടുള്ളതാണ്. എത്രയൊക്കെ ജനമൈത്രി പറഞ്ഞാലും അത്രയ്ക്കൊന്നും മൈത്രിയാകാന് ഇരുകൂട്ടര്‍ക്കും കഴിയില്ല. പോലീസ് ഇപ്പോഴും തല്ലാനുംകൊല്ലാനും അനീതി നടത്താനും ഉള്ളവരാണെന്നുള്ള അബദ്ധവിചാരത്തില് തന്നെയാണ് സാധാരണക്കാര്‍. കാശും പണവും സ്വാധീനവും ഉണ്ടെങ്കില്‍ പോലീസ് ഓച്ചാനിച്ചുനില്ക്കുമെന്നും അവര്‍ കരുതുന്നു.
പോലീസില്‍ കുറ്റവാളികളുണ്ടാകാം.അതു പക്ഷേ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമാണ്.ഈ ന്യൂനപക്ഷമാണ് പോലീസിനു പേരുദോഷമുണ്ടാക്കുന്നതും. അറിഞ്ഞുകൊണ്ട് ഒരു പോലീസുകാരനും സ്വയംപേരുദോഷം കേള്‍പ്പിക്കാന്‍ ഒരുമ്പെടില്ല. അവരും മറ്റുമനുഷ്യരെപ്പോലെ തന്നെയാണ്. ഭാര്യയും മക്കളും കുടുംബവുമൊക്കെയുള്ളവര്. സര്‍ക്കാര്‍ വകുപ്പില്‍ പോലീസിനെമാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.ഏതു സര്‍ക്കാര്‍ വകുപ്പിലാണ് കുറ്റവാളികളില്ലാത്തത്. പ്രത്യക്ഷത്തില്‍ പോലീസ് വകുപ്പാണെന്നു തോന്നുവെങ്കിലും അതിലും ജനദ്രോഹം ചെയ്യുന്നവരല്ലേ മറ്റുവകുപ്പുകാര്.
പോലീസ് സ്വയം ചീത്തയാകുന്നതല്ല. ചീത്തയാകാന്‍ സാഹചര്യങ്ങളും സമ്മര്‍ദങ്ങളും അവര്‍ക്കു മറ്റുള്ളവരെക്കാള്‍ കൂടുതലാണ്. സമയ ക്ളിപ്തതയില്ലാത്ത ജോലി, കുടുംബവുമായി ഒന്നിച്ചു കൂടേണ്ട ആഘോഷവേളകളില്‍പ്പോലും ജോലിയുടെ പേരില്‍ അവധിയെടുക്കാനാവാത്ത അവസ്ഥ,മേലുദ്യോഗസ്ഥ പീഡനംവേറെ. മാറി മാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രീയക്കാരും അവരവരുടെ കാര്യത്തിനുവേണ്ടി പോലീസിനെ ഉപയോഗിച്ച് നിര്‍വീര്യമാക്കുന്ന അവസ്ഥയും. അച്ചടക്കമുള്ള സേന എന്ന നിലയില്‍ അവരുടെ അവകാശങ്ങളെപ്പറ്റിയുള്ള മുറവിളികളും ഇങ്ങനെ അച്ചടക്കത്തിന്റെ പേരില്‍ ഉള്ളില്‍തന്നെ ഒതുക്കപ്പെടേണ്ടി വരുന്നില്ലേ പോലീസിന്.
ഏതു സമരമുണ്ടായാലും അതിന്റെ രോഷം പ്രത്യക്ഷത്തില്‍ തീര്‍ക്കുന്നത് പോലീസിനോടാണ്. അവരെ എങ്ങനേയും പ്രകോപിതരാക്കുംവിധമുള്ള നടപടികള്‍ സമരക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കും. നാട്ടില്‍ അസ്വഭാവിക മരണമുണ്ടായാല്‍ പോലീസ് നീതിപാലിക്കുകയെന്നു സമരം ചെയ്യുന്നവരാണു നമ്മള്. എന്നാല്‍ ഇത്തരം അസ്വഭാവിക മരണം ഒരു പോലീസുകാരനുണ്ടായാല് ഇത്തരം പ്രക്ഷോഭങ്ങളോ പ്രതിരോധമോവൊന്നും സാധാരണ നടക്കാറില്ല. കൃത്യനിര്‍വഹണത്തിനിടയ്ക്ക് പലരീതിയില്‍ ജീവത്യാഗം പോലീസിനും സംഭവിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ജന സേവനത്തിനിടയില്‍ ജീവത്യാഗം സംഭവിച്ചവരുടെ സ്മൃതി ദിനമാണിന്ന്. അത്തരം മാതൃകയ്ക്കുമുന്നില്‍ ശിരസു കുനിക്കാം,ആദരവോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: