പത്തനംതിട്ട: വി.കോട്ടയം അമ്പാടി ഗ്രാനൈറ്റ്സിന്റെ പാറഖനനം ജീവനും സ്വത്തിനും ഭീഷണി ആകുന്നതായി പ്രദേശവാസികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമീപപ്രദേശങ്ങളിലെ താമസക്കാരും പാറമടയുടെ മുന്നിലൂടെയുള്ള റോഡ് ഉപയോഗിക്കുന്നവരുമാണ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏഴുപതേക്കറോളംവരുന്ന സ്ഥലത്താണ് പാറ ഖനനം. മെറ്റലും പൊടിയുമായി ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. സമീപവാസികളില്‍ ഭൂരിപക്ഷം ആളുകളും സ്ഥലവും വീടും ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
പാറമടയുടെ ഏറ്റവുമടുത്തുള്ള വസ്തുഉടമകളായ വി.കോട്ടയം വിശ്വമഹളില് പി.കെ.വിശ്വംഭരനും ബന്ധുവായ ഓമനക്കുട്ടനുമാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. വീടു നിര്‍മാണത്തിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 12 ലക്ഷം രൂപ ചെലവഴിച്ചു. എന്നാല്‍ ഖനനത്തെ തുടര്‍ന്ന് വന്‍തോതില്‍ പാറക്കഷണങ്ങള്‍ വീടുകളുടെ തറയിലും വസ്തുവിലും പതിക്കുന്നതിനാല്‍ വീടുപണി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് വിശ്വംഭരന് പറഞ്ഞു. വി. കോട്ടയം വില്ലേജ് ഓഫീസര്‍ വിശ്വംഭരന്റെ പരാതി സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊച്ചുകുഞ്ഞ്, ഓമനക്കുട്ടന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: