മലയാള നോവല്‍ സാഹിത്യത്തിലെ ക്ളാസിക്കായ തകഴിയുടെ കയര്‍ പ്രമേയമാക്കി പ്രമുഖ സംവിധായകന് ജയരാജ് സിനിമയാക്കുന്നു. നവരസ പരമ്പരയിലെ ആറാം ചിത്രമെന്ന നിലയിലാണ് ഭയാനകം എന്നുപേരിട്ട ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്.
വിവിധ തലമുറകളുടെ കഥ പറയുന്ന നോവലിലെ കഥാപാത്രങ്ങളില്‍ ഒന്നായ പോസ്റ്റുമാനാണ് ചിത്രത്തിലെ നായകന്. രൺജി പണിക്കര്‍ പോസ്റ്റുമാനായി എത്തുന്നു. രൺജിയുടെ ആദ്യനായകവേഷമാണിത്. ജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് എം.കെ.അര്ജുനന് സംഗീതം നല്‍കും. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. ആശാ ശരത്ത്, ഗിരീഷ് കാവാലം, സബിത ജയരാജ് എന്നിവര്‍ക്കൊപ്പം നിരവധിപേര്‍ അഭിനയിക്കുന്നു.
വലിപ്പംകൊണ്ടും മലയാളത്തില്‍ പ്രശസ്തമാണ് കയര്‍. 900 ത്തിലധികം പേജുകളിലായി പരന്നുകിടക്കുന്ന നോവല്‍ കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പഴമയുടേതു മുതല്‍ ആധുനികതയുടേതുവരെയുള്ള ചരിത്രബന്ധിയായ കഥപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: